കണ്ണൂരില്‍ കാല് കുത്തിയാല്‍ ‘അമിത് ഷാ തിരിച്ചുപോകില്ല’; സിപിഎം പ്രവര്‍ത്തകനെ തിരഞ്ഞ് പൊലീസ്

വൈകിട്ടോടെ രണ്ടാം തവണയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അജേഷിനെ പിടികൂടാനെത്തി

കണ്ണൂര്‍: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അജേഷ് പി.മട്ടന്നൂര്‍ എന്നയാള്‍ ഫെയ്സ്ബുക്കിലൂടെയാണ് അമിത് ഷായെ വധിക്കാന്‍ ആഹ്വാനം ചെയ്തതെന്നാണ് പരാതി. അമിത് ഷാ മട്ടന്നൂരില്‍ ഇറങ്ങിയാല്‍ തിരിച്ചുപോകില്ലെന്നാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിന് കമന്റായി ഇട്ടത്.

ഇന്നലെ അമിത് ഷാ വന്ന ദിവസം പൊലീസ് അജേഷിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. വൈകിട്ടോടെ രണ്ടാം തവണയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അജേഷിനെ പിടികൂടാനെത്തി. എന്നാല്‍ രണ്ടാം തവണയും പൊലീസിന്റെ ശ്രമം വിഫലമായി.

കണ്ണൂരിലെത്തിയ അമിത് ഷാ ഇന്നലെ പ്രകോപനപരമയ പ്രസംഗമാണ് നടത്തിയത്. ശബരിമല വിഷയത്തില്‍ മാത്രം ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധിയെയും സംസ്ഥാന സര്‍ക്കാരിനെയും വെല്ലുവിളിച്ച അദ്ദേഹത്തിന് പിന്നീട് മുഖ്യമന്ത്രി മറുപടിയുമായി എത്തുകയും ചെയ്തു.

അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരെക്കാൾ സുപ്രീം കോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത് ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

ആര്‍എസ്എസിന്‍റെയും സംഘപരിവാറിന്‍റെയും യഥാര്‍ത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത് ഷാ ഈ സര്‍ക്കാര്‍ അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത് ഷാ തന്‍റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police booked cpm worker for threatening amit shah

Next Story
നാമജപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പൊലീസിന് നിർദ്ദേശം
The moderation of comments is automated and not cleared manually by malayalam.indianexpress.com