തിരുവനന്തപുരം: ഫോണ്‍ വിളി വിവാദത്തില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ശശീന്ദ്രന്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കോടതി നോട്ടീസ് അയച്ചു. ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയായ പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ ഫോണ്‍വിളികളുടെ പൂര്‍ണരൂപം ഇതുവരെയും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇത് കൂടി പരിശോധിച്ചായിരിക്കും തുടര്‍നടപടികളിലേക്ക് കോടതി നീങ്ങുക.
ഒദ്യോഗിക വസതിയില്‍ വച്ച് മന്ത്രി മോശമായി സംസാരിച്ചെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി ആദ്യഘട്ടത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഒരു യുവതിയുമായി നടത്തിയ അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ചാനല്‍ ലോഞ്ചിന്റെ ഭാഗമായി പുറത്തുവിടുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. സഹായത്തിനായി തന്നെ സമീപിച്ച വീട്ടമ്മയോട് മന്ത്രി മോശമായി പെരുമാറിയെന്ന തരത്തിലായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇതില്‍ അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവം വന്‍ വിവാദമായതോടെ ഇത് സ്റ്റിംഗ് ഓപ്പറേഷനാണെന്ന് ചാനലിന് തുറന്ന് സമ്മതിക്കേണ്ടി വന്നിരുന്നു.