കണ്ണൂര്‍: ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിച്ചെന്ന ആരോപണത്തില്‍ തലശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ പുറത്തിറക്കിയ 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റുഡന്റ് എഡിറ്ററടക്കമുളളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്‍യു, എബിവിപി എന്നിവരടക്കം ക്യാംപസില്‍ പ്രതിഷേധവും സമരവും ശക്തമാക്കിയിരുന്നു. പിന്നാലെ എബിവിപി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്യാപസിലും പരിസരത്തും പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
മാഗസിന്‍ ഉളളടക്കം ചര്‍ച്ചയായതോടെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു. വിവാദമായ രണ്ടു പേജുകള്‍ പിന്‍വലിച്ച് മാസിക പുന: പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെുത്തത്. എസ്എഫ്‌ഐ യുടെ നേതൃത്വത്തിലുള്ള യൂണിയന്‍ ‘പെല്ലെറ്റ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കോളേജ് മാസികാണ് വിവാദ വെടി പൊട്ടിച്ചത്.
തിയറ്ററില്‍ ദേശീയഗാനത്തിന്റെ ഭാഗമായി ദേശീയപതാക കാണിക്കുമ്പോള്‍ കസേരയ്ക്ക് പിറകില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്‍ട്ടൂണാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ‘സിനിമ തീയറ്ററിൽ കസേര വിട്ടെഴുന്നേൽക്കുന്ന രാഷ്ട്രസ്നേഹം, തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം’ എന്ന അടിക്കുറിപ്പും ഇതിനൊപ്പമുണ്ട്.
തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിംകോടതി തീരുമാനത്തെ അശ്ലീലമായ രീതിയിലാണ് പരിഹസിച്ചിരിക്കുന്നത്. എസ്എഫ്ഐ ആണ് കോളേജ് യൂണിയന്‍ ഭരിക്കുന്നത്. മാഗസിന്‍ ഉളളടക്കത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവും ശക്തമായി. നിരവധി പേരാണ് നവമാധ്യമങ്ങളിലൂടേയും മറ്റും വിമര്‍ശനവുമായി രംഗത്തെത്തിയത്.