തിരുവനന്തപുരം: സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇന്ന് സംഭവിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ഇന്നു വൈകുന്നേരത്തിനകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്രെ അമ്മയെ കാണാൻ ആശുപത്രിയിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിപി ഓഫിസിനുമുന്നിൽ ജിഷ്ണുവിന്റെ കുടുംബത്തിനുനേരെയുണ്ടായ അക്രമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിനുപിന്നാലെ വി.എസ്.അച്യുതാനന്ദൻ ഫോണിൽ വിളിച്ച് ഡിജിപിയെ ശകാരിച്ചിരുന്നു. സർക്കാരിനെ നാണം കെടുത്താനാണോ പൊലീസ് ശ്രമമെന്നു വിഎസ് ചോദിച്ചു. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാൻ വരുന്നവരെ അറസ്റ്റ് ചെയ്യുകയാണോ പൊലീസ് ചെയ്യുന്നതെന്നും വിഎസ് ചോദിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ ഇടപെട്ടു. ഡിജിപിയോട് ജിഷ്ണുവിന്റെ അമ്മ മഹിജയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഡിജിപി മഹിജയെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയത്.

ജിഷ്ണുവിന്റെ മരണത്തിനു ഉത്തരവാദകളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഡിജിപി ഓഫിസിനു മുന്നിൽ സമരത്തിനെത്തിയത്. എന്നാ. പൊലീസ് വളരെ ക്രൂരമായാണ് കുടുംബത്തോട് പെരുമാറിയത്. സമരം ചെയ്യാനെത്തിയ കുടുംബത്തെ തടഞ്ഞു. ബലം പ്രയോഗിച്ച് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി. ജിഷ്ണുവിന്റെ അമ്മയെ നടുറോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയി. പൊലീസ് നടപടിയിൽ പരുക്കേറ്റ ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ