തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസി പ്ലാന്റിന്​ എതിരെ സമരം നടത്തുന്ന നാട്ടുകാർക്ക് എതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധമറിയിച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. സമരക്കാർക്ക് എതിരായ പൊലീസ് നടപടിക്ക് നേത്രത്വം നൽകിയ ഡിസിപി യതീഷ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്യണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ജൂലൈ നാലാം തീയ്യതി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ പോലീസിനെ പിന്‍വലിക്കാനുള്ള സമരക്കാരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് പ്ലാന്റില്‍ ഇന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഇരുപതോളം പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം സമരത്തിനുനേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജ് അനാവശ്യമായിരുന്നെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണം. സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ, പുതുവൈപ്പ് സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.