കൊച്ചി: എറണാകുളത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. മുതുകത്ത് ലാത്തി കൊണ്ട് അടിയേറ്റ എംഎല്‍എയെ ആദ്യം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അതിനു ശേഷം കൈയ്ക്ക് വേദന അനുഭവപ്പെട്ടതോടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് കൈക്ക് പൊട്ടലുള്ളതായി അറിയുന്നത്. കയ്യൊടിഞ്ഞതിനാല്‍ വിദഗ്ധ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പൊലീസ് ലാത്തിച്ചാര്‍ജിലെ തങ്ങളുടെ അതൃപ്തി സിപിഐ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് പ്രതിഷേധം അറിയിച്ചത്. നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എറണാകുളം കലക്ടര്‍ എസ്.സുഹാസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ലാത്തി ചാർജിനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്ന് സിപിഐ മുഖ്യമന്ത്രിയോട് പറഞ്ഞു.

എറണാകുളത്ത് വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. ഐജി ഓഫീസിലേക്കാണ് സിപിഐ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് ഉള്‍പ്പെടെ നിരവധി സിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

കഴിഞ്ഞ ദിവസം ഞാറയ്ക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സിഐ മുരളിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ പ്രകോപിതരായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Read Also: ‘പുതിയ ഡിസിസി അധ്യക്ഷനെ വേണം’; ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ

പൊലീസ് ബാരിക്കോഡ് മറിച്ചിടാൻ സിപിഐ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. ബാരിക്കോഡ് മറിച്ചിട്ടതോടെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെതിരെ വിമർശനവുമായി എൽദോ എബ്രഹാം എംഎൽഎ രംഗത്തെത്തി. പൊലീസിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും പ്രകോപനമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടതെന്നും എൽദോ എബ്രഹാം എംഎൽഎ ആരോപിച്ചു.

കോൺഗ്രസ് നേതാക്കളും എംഎൽഎമാരും പൊലീസ് നടപടിയെ വിമർശിച്ചു രംഗത്തെത്തി. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കളും എംഎൽഎമാരും ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.