മലപ്പുറം: രാഹുല്‍ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കഴിഞ്ഞ ദിവസം മറ്റൊരു കോൺഗ്രസ് നേതാവായ പി.സി.ചാക്കോയും പറഞ്ഞിരുന്നു.

രാജ്യത്തെ നിലവിലുള്ള അന്തരീക്ഷം ആപല്‍കരമായി മാറിയിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനും ആര്‍എസ്എസിനേയും ബിജെപിയേയും നേരിടാനും കോണ്‍ഗ്രസ് വിശാല മതേതര സഖ്യ രൂപീകരണ ശ്രമത്തിലാണ്. ഡല്‍ഹിയില്‍ ഇതു സംബന്ധിച്ച് മതനിരപേക്ഷ കക്ഷികളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവമാണെന്നും ആന്റണി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പ്രചാരണത്തിനായാണ് എത്തിയ ആന്റണി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ദേശീയ തലത്തില്‍ വലിയൊരു സമരത്തിന് തുടക്കം കുറിക്കേണ്ട ആത്യാവശ്യഘട്ടം സംജാതമായിരിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയ ശേഷം, പ്രത്യേകിച്ച് ഈയിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യത്തുടനീളം വര്‍ഗീയ ശക്തികള്‍ ആര്‍എസ്എസിന്റേയും സംഘ് പരിവാറിന്റേയും നേതൃത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തെ സ്‌ഫോടനാത്മകമായ ഒരു സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിനെതിരേ 2019-ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പായി രാജ്യത്ത് മതനിരപേക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ശക്തമായ ഒരു മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി ജയിച്ചു ഡല്‍ഹിയിലെത്തിയാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ദേശീയ തലത്തില്‍ രൂപപ്പെട്ടുവരുന്ന മതേതര കക്ഷികളുടെ കൂട്ടായ്മയ്ക്കു മുതല്‍ക്കൂട്ടാകുമെന്നും ആന്റണി പറഞ്ഞു. ഈ കൂട്ടായ്മ രൂപീകരണത്തില്‍ കോണ്‍ഗ്രസിന് നേതൃപരമായ പങ്കാണ് വഹിക്കാനുള്ളത്. സിപിഐ പോലും ഇതു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ മൂല്യങ്ങളെ അപകടപ്പെടുത്തിയിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞാണ് സിപിഐ പോലും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്തില്‍ വരാനിരിക്കുന്ന മതനിരപേക്ഷ കൂട്ടായ്മയെ പിന്തുണയ്ക്കമെന്ന നിലപാടെടുത്തത്,’ ആന്റണി പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞത് ഇടതു പക്ഷത്തിനേ രാജ്യത്ത് ബിജെപിയേയും ആര്‍എസ്എസിനേയും തടയാനാകൂവെന്നാണ്. എന്നാല്‍ രാജ്യത്ത് പലയിടത്തും ബിജെപിക്കെതിരെ മതനിരപേക്ഷ കൂട്ടായ്മകള്‍ ഉണ്ടായപ്പോള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ചെയ്തിട്ടുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിപക്ഷമായി പോലും മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഇല്ലെന്ന കാര്യവും പിണറായി ഓര്‍ക്കണം,’ ആന്റണി പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടിയില്‍ ഖേദം പ്രകടിപ്പിക്കാന്‍ സമയം വൈകിയിട്ടില്ലെന്നും സര്‍ക്കാര്‍ അതാണ് ചെയ്യേണ്ടതെന്നും ആന്റണി ആവശ്യപ്പെട്ടു. പൊലീസിനു വീഴ്ച പറ്റിയെന്നും സര്‍ക്കാര്‍ സമ്മതിക്കണം. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഇതാഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു ദിവസം തിരുവനന്തപുരത്ത് നിന്ന് വടകര വരെ യാത്ര ചെയ്ത് ടി.പി.ചന്ദ്രശേഖരന്റെ വിധവയേയും അമ്മയേയും കണ്ട് വി.എസ്.അച്യുതാനന്ദന്‍ ജിഷ്ണുവിന്റെ അമ്മ തിരുവനന്തപുരത്ത് തന്നെ ഏതാനും വാര അകലെ ഉണ്ടായിട്ടും അവരെ സന്ദര്‍ശിക്കാതെ ഫോണ്‍വിളിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തത്. വിഎസില്‍ എന്തോ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരെയോ ഭയപ്പെടുന്നുണ്ടെന്നും ആന്റണി പറഞ്ഞു.

ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനന്തുവിനെ ആര്‍എസ്എസുകാര്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കാന്‍ പോലും ബിജെപി ആര്‍എസ്എസ് നേതാക്കള്‍ തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ