തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് എതിരായ പൊലീസ് നടപടിയിൽ വനിത കമ്മീഷൻ ഇടപെടുന്നു. പൊലീസ് അതിക്രമത്തിൽ ദേശീയ വനിത കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തെപ്പറ്റി ഡിജിപി ലോക്നാഥ് ബെഹ്റയോട് റിപ്പോർട്ട് നൽകാൻ കമ്മീഷൻ​ ആവശ്യപ്പെട്ടു.

മഹിജയ്ക്കും ബന്ധുക്കൾക്കും എതിരെ എടുത്ത നടപടി സ്വാഭാവികമാണ് എന്നും മഹിജയെ ആരും മർദ്ദിച്ചിട്ടില്ല എന്നുമാണ് ഡിജിപി പറഞ്ഞത്. പൊലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്നായിരുന്നു റേഞ്ച് ഐജി മനോജ് എബ്രാഹാമിന്റെ റിപ്പോർട്ടും. എന്നാൽ തന്നെ പൊലീസുകാർ മർദ്ദിച്ചിട്ടുണ്ട് എന്ന് മഹിജ മൊഴി നൽകിയിട്ടുണ്ട്. തങ്ങളെ അക്രമിച്ചവർക്ക് എതിരെ നടപടി എടുക്കുംവരെ നിരാഹര സമരം നടത്തുമെന്ന് മഹിജ പറഞ്ഞിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മഹിജ നിരാഹാര സമരം നടത്തുകയാണ്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കുന്നതിനിടെ നാട്ടുകാരും നിരാഹാര  സമരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വടകരയിൽ ജിഷ്ണുവിന്റെ വീടിന് പുറത്ത് അമ്പതിലധികം പേർ ഇന്ന് മുതൽ നിരാഹാരം അനുഷ്ഠിക്കുകയാണ്.  ഇതോടെ സംസ്ഥാനത്ത് പൊലീസും സർക്കാരും കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ അച്ഛനും അമ്മയും മടങ്ങിവരും വരെ ഭക്ഷണം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാട്ടുകാരും സിപിഎം പ്രവർത്തകരുമായ കൂടുതൽ പേർ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ