തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ നടപടിയിൽ പൊലീസ് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി. ജിഷ്ണുവിന്റെ ബന്ധുക്കൾ മാത്രമല്ല സമരത്തിനെത്തിയത്. പുറമെ നിന്നുളളവരും എത്തി. പുറമെ നിന്നും എത്തിയവരാണ് പ്രശ്നമുണ്ടാക്കിയത്. തോക്കുസ്വാമിയെപ്പോലെയുളള ചിലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരെയാണ് പൊലീസ് തടയാൻ ശ്രമിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

ഡിജിപിയെ കാണുവാനാണ് ജിഷ്ണുവിന്റെ കുടുംബം എത്തിയത്. ആറുപേരെ കാണാനാണ് ഡിജിപി അനുവാദം നൽകിയത്. ഇതനുസരിച്ചാണ് അവർ എത്തിയത്. ജിഷ്ണുവിന്റെ അമ്മയെ കാണാൻ ഡിജിപി സന്നദ്ധനായിരുന്നുുമായിരുന്നു. പക്ഷേ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം മറ്റു ചിലരും എത്തി. ഇവരാണ് പ്രശ്നമുണ്ടാക്കിയത്. സംഭവത്തിൽ ഐജിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കും. ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാൻ പോകില്ലെന്നും പിണറായി വ്യക്തമാക്കി.

അതിനിടെ, ജിഷ്ണുവിന്റെ കുടുംബത്തിനുനേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി. തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു യുവമോർച്ച പ്രവർത്തകൻ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയത്. ഇയാളെ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ