കൊച്ചി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ നടന്ന പൊലീസ് അതിക്രമങ്ങളുടെയും അലംഭാവത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെവിന് ജോസഫ് എന്ന ഇരുപത്തിയാറുകാരന്റെ കൊലപാതകം. ഞായറാഴ്ച കാണാതായതായി പരാതിപ്പെട്ടിട്ടും നിഷ്ക്രിയത്വം പാലിച്ച പൊലീസ് തന്നെയാണ് ഒരു ദിവസത്തിനിപ്പുറം ഇന്ന് രാവിലെയോടെ കൊല്ലം ജില്ലയിലെ തെന്മലയില് നിന്നും കെവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.
ദുരഭിമാനക്കൊലയാണെന്ന് കരുതപ്പെടുന്ന കൊലപാതകത്തില്‍ ഭര്‍ത്താവിനെ കൊന്നത് തന്റെ ബന്ധുക്കള്‍ തന്നെയാണെന്ന് ഭാര്യ നീനു (20) ആരോപിക്കുന്നു. കെവിനെ കാണാതായ അന്ന് തന്നെ നീനു കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും എഫ്ഐആര്‍ ഫയല്‍ ചെയ്യാനോ അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല. സംഭവം വിവാദമായതോടെ കൂടി സ്ഥലം എസ്ഐയയേയും എഎസ്ഐയെയും സസ്പെൻഡ് ചെയ്തുകൊണ്ട് സര്‍ക്കാർ നടപടിയെടുത്തു.
എന്നാല്‍ ഇത്തരം നടപടികള്‍ കൊണ്ട് മാത്രം തീരുന്നതല്ല പ്രശ്നങ്ങള്‍. സംഭവത്തില്‍ പൊലീസിനുള്ള പങ്ക് ആരോപിച്ച് വിവിധ ദലിത് സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം തുടരുകയാണ്. കൊലപാതകത്തെ തുടര്‍ന്ന് വിവിധ പാര്‍ട്ടികള്‍ നാളെ കോട്ടയം ജില്ലയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് കെവിന് എന്ന ദലിത് ക്രിസ്ത്യാനിയുടെ ദുരഭിമാന കൊല നടക്കുന്നതും സംഭവത്തില്‍ പൊലീസ് കുറ്റാരോപിതരോടൊപ്പം എന്ന ആരോപണം ഉയരുന്നതും. ഇക്കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ അഭ്യന്തര വകുപ്പിനെ വേട്ടയാടുന്നത് പൊലീസ് അതിക്രമങ്ങളുടെ നീണ്ട പട്ടിക തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കൈകാര്യം ചെയ്യുന്ന പൊലീസ് കാണിച്ച അതിക്രമങ്ങളുടെ കണക്ക് പരിശോധിക്കുകയാണ് ഇവിടെ :

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം
കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദനത്തെത്തുടര്‍ന്നാണ് വരാപ്പുഴക്കാരനായ ശ്രീജിത്ത് മരണപ്പെട്ടത്. ആൾ മാറി അറസ്റ്റ് ചെയ്യപ്പെട്ട ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ച് കേരള പൊലീസിന്റെ മൂന്നാം മുറയുടെ ഇരയാവുകയായിരുന്നു. മര്‍ദനത്തില്‍ അവശനായ ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് നിലനിര്‍ത്താനായില്ല. സ്ഥലം എസ്ഐ ദീപക്കും, റൂറല്‍ എസ്പി ആയ എ.വി.ജോര്‍ജുമടക്കം നിരവധി ഉദ്യോഗസ്ഥരാണ് സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.

ജിഷ്ണു പ്രണോയിയുടെ അമ്മ
കോളേജ് മാനേജ്മെന്റ് മാനസികമായി പീഡിപ്പിച്ചത് കാരണമായിരുന്നു എൻജിനീയറിങ് വിദ്യാര്‍ഥിയായ ജിഷ്ണു ആത്മഹത്യ ചെയ്തത്. മകന് നീതി കിട്ടാന്‍ വേണ്ടി പൊരുതിയ അമ്മയുടെ നേര്‍ക്കാണ് പൊലീസ് തങ്ങളുടെ കരുത്തുറ്റ കരങ്ങള്‍ പ്രയോഗിച്ചത്. ഡിജിപി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാന്‍ പോയ ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു കൊണ്ടുപോവുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ട്രാൻസ്ജെൻഡേഴ്സിനെതിരായ അതിക്രമം
തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് പോവുകയായിരുന്ന രണ്ട് ട്രാൻസ്ജെൻഡര്‍ സ്ത്രീകള്‍ക്കാണ് ഡിസംബര്‍ 27 ന് രാത്രി പൊലീസില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നത്. രാത്രിയില്‍ പരിപാടി കഴിഞ്ഞ് വരികയായിരുന്നവരെ പട്രോളിങ്ങിനു പോയ പൊലീസ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇതിനെതിരെ അവര്‍ പരാതി നല്‍കുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
നഗ്ന ചിത്രം പകര്‍ത്തി പൊലീസ്
ആലപ്പുഴ സൗത്തിലായിരുന്നു സംഭവം നടന്നത്. ടൗണിലെ ഒരു കടയ്ക്ക് മുമ്പില്‍ ഒച്ചയുണ്ടാക്കി എന്നാരോപിച്ചാണ് ട്രാന്‍സ് സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ജോലിയിലുണ്ടായിരുന്ന വനിതാ എഎസ്ഐ ട്രാന്‍സ് വ്യക്തിയുടെ നഗ്ന വീഡിയോ പകര്‍ത്തുകയായിരുന്നു. പിന്നീട് വനിതാ എഎസ്ഐയുടെ സുഹൃത്ത് ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വനിതാ എഎസ്ഐയെ സസ്പെൻഡ് ചെയ്തു.

വിനായകന്റെ ആത്മഹത്യ
പെണ്‍കുട്ടിയോട് സംസാരിച്ചിരിക്കുന്നതിനിടയിലാണ് പത്തൊമ്പത് വയസുകാരനായ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വിനായകന് ചെയിന്‍ മോഷ്ടാവാണ് എന്ന് സംശയിച്ചാണ് അറസ്റ്റ് എന്നാണ് പവരട്ടി പൊലീസിന്റെ വിശദീകരണം. കസ്റ്റഡിയില്‍ വച്ച് പൊലീസിന്റെ അക്രമങ്ങള്‍ക്ക് വിധേയനായ യുവാവ് അപമാനം നിമിത്തം വീട്ടില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. നിരപരാധിയായ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തത് കൊണ്ടാണ് അവന് ആത്മഹത്യ ചെയ്തത് എന്നാണ് വീട്ടുകാര്‍ ആരോപിച്ചത്.
എടക്കാട് ലോക്കപ്പ് മര്‍ദ്ദനം
ഭാര്യാപിതാവിന്റെ പരാതിയിലാണ് ഓട്ടോ-ഡ്രൈവറായിരുന്ന ഉനൈസിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകിട്ട് പറഞ്ഞ് വിട്ടപ്പോള്‍ എണീറ്റ് നിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഉനൈസ്. തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി കിടപ്പിലായിരുന്ന ഉനൈസിനെ ഒരു ദിവസം വീട്ടില്‍ മരിച്ച സാഹചര്യത്തില്‍ കാണുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ഉനൈസ് എഴുതിയ കത്തിലാണ് താന്‍ നേരിട്ട പൊലീസ് പീഡനങ്ങളെക്കുറിച്ച് തുറന്നു പറയുന്നത്. വീട്ടുകാര്‍ ഇത് മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു.
വടയമ്പാടിയിലെ ജാതി പൊലീസ്:
എറണാകുളം പുത്തന്‍കുരിശിലെ വടയമ്പാടിയില്‍ പ്രദേശത്തെ എന്‍എസ്എസ് നേതൃത്വം ഉയര്‍ത്തിയ ‘ജാതി മതിലി’നെതിരെ ദലിതര്‍ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ വടയമ്പാടിയില്‍ നടത്തിയ ദലിത് ആത്മാഭിമാന കണ്വെന്ഷന് നേരെ പൊലീസ് ഏകപക്ഷീയമായി തല്ലിചതക്കുകയായിരുന്നു. ദലിതരെ ആക്ഷേപിക്കുകയും മാധ്യമപ്രവര്‍ത്തകരെയടക്കം കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് യാതൊരു നടപടിയും എടുത്തില്ല. ജാതിവാദികള്‍ക്ക് വേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിച്ചത് എന്നും സംഭവസ്ഥലത്ത് നടന്നത് പൊലീസ് അതിക്രമമാണ് എന്നും സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന് അടക്കം വിമര്‍ശിച്ചു.