കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബാംഗങ്ങൾക്കും എതിരായ പൊലീസ് അതിക്രമത്തിൽ രൂക്ഷമായ പ്രതിഷേധം ഉയരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം പിണറായി വിജയനും പൊലീസിനുമെതിരെ വിമർശനമുന്നയിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും നേരെയാണ് വിരൽചൂണ്ടുന്നത്.

സംഭവം നടന്ന് നിമിഷങ്ങൾക്കകം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണിൽ വിളിച്ച് ശകാരിച്ച വി.എസ്.അച്യുതാനന്ദൻ, പൊലീസ് സർക്കാരിനെ തിരഞ്ഞെടുപ്പ് കാലത്ത് നാണം കെടുത്താൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

അതേസമയം ജിഷ്ണുവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ രീതി മനുഷ്യത്വ രഹിതമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. “പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യരുതെന്ന സാങ്കേതികത്വം പറഞ്ഞ് മാതാപിതാക്കളെയും ബന്ധുക്കളെയും തടയാൻ പാടില്ലായിരുന്നു. ഇത് ഗുരുതരമായി കാണണം. കേരള സമൂഹത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണം” അദ്ദേഹം പറഞ്ഞു.

ഞെട്ടലോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഭവത്തോട് പ്രതികരിച്ചത്. “മകൻ നഷ്ടപ്പെട്ട അമ്മയുടെ ദു:ഖം മനസിലാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെന്ന്” അദ്ദേഹം പറഞ്ഞു. പൊലീസിന്റെയും സർക്കാരിന്റെയും അനാസ്ഥ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.”

മഹിജയെ പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ ചാനലുകൾ തത്സമയം പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രതിഷേധം ഉയർന്നു. പ്രശസ്ത മാധ്യമപ്രവർത്തകരും ഇടതുപക്ഷ അനുയായികളും അടക്കം സർക്കാരിനെയും പൊലീസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട് “ഫയലിനപ്പുറവും ജീവിതമുണ്ട് സാറേ” എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ഹർഷൻ പൂപ്പൂക്കാരൻ കുറിച്ചു.

സർക്കാരിന്റെയും പൊലീസിന്റെയും പിടിപ്പുകേടാണ് ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ആസ്ഥാനത്തേക്കെത്തിച്ചതെന്ന് എസ്.ലല്ലു ഫെയ്സ്ബുക്കിൽ കുറിച്ചു. “ഇതാണ് ജനമൈത്രിയെങ്കിൽ ആ മൈത്രിയിൽ ജനത്തിന് വിശ്വാസമില്ല സാർ” എന്ന വാക്യവും പിണറായി വിജയന് നേരെയാണ് ഉയർത്തിയത്.

അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തയ്യാറായില്ല. “സംഭവത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന്” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ