തൃശൂർ: കൊറോണ വൈറസിന് വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യർ അറസ്റ്റിൽ. കൊറോണ വൈറസ് ബാധ ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനൻ വൈദ്യരുടെ പരസ്യത്തെ തുടർന്ന് ആരോഗ്യവകുപ്പ് പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ജാമ്യമില്ല വകുപ്പ് ചുമത്തി മോഹനൻ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

തൃശ്ശൂർ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോർട്ടിലായിരുന്നു മോഹനൻ വൈദ്യരുടെ പരിശോധന. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇവിടെ ചികിത്സയുണ്ടാകുമെന്ന് അറിയിച്ച് ഫോൺ നമ്പർ സഹിതം മോഹനൻ വൈദ്യർ പോസ്റ്റിട്ടത്. എന്നാൽ ചികിത്സിക്കാനെത്തിയതല്ല, ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണ് എന്നായിരുന്നു മോഹനൻ വൈദ്യരുടെ വാദം.

കേരളത്തിൽ നിപ്പാ റിപ്പോർട്ട് ചെയ്തപ്പോഴും ഇത്തരത്തിലുള്ള വ്യാജ ചികിത്സയുമായി രംഗത്തെത്തിയ ആളാണ് മോഹനൻ വൈദ്യർ. ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുൾപ്പടെ നിരവധി പരാതികളാണ് മോഹനൻ വൈദ്യർക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.