തിരുവനന്തപുരം: എഴുത്തുകാരൻ കമൽ സി ചവറയെ കന്റോൺമെന്റ് പൊലിസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് ബഹളം വച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാരോപിച്ചാണ്  കേസ്. യൂണിവേഴ്സിറ്റി കോളജിൽ എസ് എഫ് ഐ കാരുടെ സദാചാര അക്രമത്തിനിരയായ പെൺകുട്ടികൾക്കൊപ്പം സിറ്റിപൊലീസ് കമ്മീഷണർ സ്പർജൻകുമാറിനെ കാണാനെത്തിയതായിരുന്നു കമൽ സി ചവറ.

കമ്മിഷണറും വിദ്യാർത്ഥിനികളും തമ്മിൽ സംസാരിക്കുന്നതിനിടെയാണ് കമലും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായത്. വിദ്യാർത്ഥിനികളെയയും സുഹൃത്തിനെയും ആക്രമിച്ചവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചാർത്തണമെന്ന് കമൽ ഉന്നയിച്ച ആവശ്യമാണ് വാക്കേറ്റത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. എന്നാൽ പൊലീസ് ഭാഷ്യങ്ങൾക്കെതിരായി സംസാരിച്ചതാണ് പൊലീസിനെ പ്രകോപിച്ചതെന്ന് കമൽ പറയുന്നു.

നേരത്തെ കമൽ സി ചവറയ്ക്കെതിരായ ചവറ പൊലീസ് രാജ്യദ്രോഹ കേസ് എടുത്തിരുന്നു. ഇതേ തുടർന്ന് കോഴിക്കോട് പൊലിസ് കസ്റ്റഡിയെടുത്തു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കമൽ രണ്ട് ദിവസങ്ങൾക്കു ശേഷമാണ് ആശുപത്രി വിട്ടത്. അന്ന് ആശുപത്രിയിൽ കമലിനെ സന്ദർശിച്ച നദി എന്ന നദീറിനെതിരെ ആറളത്ത് മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്തു.

എന്നാൽ നദി മാവോയിസ്റ്റ് അല്ലെന്നും തങ്ങളുമായി ബന്ധമില്ലെന്നും വ്യക്തമാക്കി മാവോയിസ്റ്റ് പ്രസിദ്ധീകരണം രംഗത്തു വന്നിരുന്നു. ഇതിനിടിയിൽ തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പുസ്തകം കോഴിക്കോട് എസ് കെ പ്രതിമയ്ക്കു മുന്നിൽ തന്റെ പുസ്തകം കത്തിച്ച് കമൽ പ്രതിഷേധിച്ചു. എന്നിട്ടും കേസ് പിൻവലിക്കാത്ത സാഹചര്യത്തിൽ സാഹിത്യ അക്കാദമി ഹാളിന് മുന്നിൽ കമൽ നിരാഹാരം നടത്തി. ഞായാറാഴ്ച എം എ ബേബി ഇടപെട്ടതിനെ തുടർന്നാണ് കമൽ നിരാഹാരം പിൻവലിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ