കൊച്ചി: അരൂജാസ് ലിറ്റില്‍ സ്റ്റാഴ്‌സ് സ്‌കൂള്‍ മാനേജര്‍ മാഗി അരൂജയേയും സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസിനേയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിന് സിബിഎസ്സിയുടെ അംഗീകാരമില്ലാത്തത് മറച്ച് വച്ച് കുട്ടികളെ വഞ്ചിച്ചതിനാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

സിബിഎസ്ഇയുടെ അംഗീകാരമില്ലാത്തതിനാല്‍ ഇന്നാരംഭിച്ച പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ സ്‌കൂളിലെ 29 വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല. ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ തോപ്പുംപടി പൊലീസില്‍ സ്‌കൂളിനെതിരെ പരാതി നല്‍കിയിരുന്നു. അംഗീകാരമില്ലാത്ത വിവരം മറച്ചുവച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.

അരൂജാസ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്‌കൂള്‍ നടത്തുന്നത്. മുന്‍ വര്‍ഷങ്ങൡ രജിസ്‌ട്രേഷനുള്ള സ്‌കൂളുകളില്‍ വച്ചാണ് പരീക്ഷ നടത്തിയിരുന്നത്. ഈ വര്‍ഷം അതിന് കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്തത്.

Read Also: കെഎഎസ് ഉത്തര സൂചിക പിഎസ്‌സി പ്രസിദ്ധീകരിച്ചു

അതിനിടെ, പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തണമെന്ന് എറണാകുളം ജില്ലാ കക്ടര്‍ എസ്.സുഹാസ് നിര്‍ദേശിച്ചു. സ്‌കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ സ്‌കൂളുകളുടെ കാര്യത്തിലാണു കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് കഫലക്ടറേറ്റില്‍ എത്തുന്നത്. സി.ബി.എസ്.ഇ സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിനു പരിമിതികളുണ്ട്.

സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അഫിലിയേഷന്‍ ഉള്ളതാണോയെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതു കൃത്യമായി പുതുക്കുന്നതാണോയെന്നും മനസിലാക്കണം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എന്‍.ഒ.സി, അവസാനമായി അഫിലിയേഷന്‍ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള സി.ബി.എസ്.ഇയുടെ ലെറ്റര്‍ എന്നിവ കൃത്യമാണോയെന്നും മനസിലാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.