തൃപ്പൂണിത്തുറ കവർച്ചയുമായി ബന്ധപ്പെട്ട്  മൂന്ന് പേർ പൊലീസ് പിടിയിൽ. ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അർഷാദ്, ഷെഹസാദ്, റോണി എന്നിവരാണ്  ഈ കേസിൽ പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു. പ്രതികളെ ഞായറാഴ്ച കേരളത്തിലെത്തിക്കും. ആകെ പതിനൊന്ന് പ്രതികളാണ് ഈ കേസിലുളളതെന്ന്  സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

കേരളാ,ഡൽഹി പൊലീസ് ഒന്നിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അര്‍ഷാദാണ് കവര്‍ച്ചയിലെ സൂത്രധാരന്‍ എന്നാണ് പോലീസ് നിഗമനം. അര്‍ഷാദിനെ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന് അടുത്തുളള വീട്ടില്‍ നിന്നാണ് അർഷാദിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

അർഷാദിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടുപേരെ പിടികൂടിയത്. അർഷാദിന്രെ പക്കൽ നിന്നും കവർച്ച ചെയ്ത ആഭരണങ്ങളിൽ ഉൾപ്പെട്ടവ കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു കൊച്ചിയെ ഞെട്ടിച്ച കവർച്ച നടന്നത്. തൃപ്പുണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു.  20,000 രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. വാതില്‍ കുത്തിപ്പൊളിച്ചാണ് സംഘം മോഷണം നടത്തിയത്.

അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. വീട്ടുകാരെ ആക്രമിച്ച സംഘം ഗൃഹനാഥനെ മാരകമായി പരുക്കേല്‍പ്പിച്ചു. കേരളത്തിന് പുറത്തുനിന്നുളളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസിന്രെ സംശയം.  ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിച്ചിരുന്നു. ആ അന്വേഷണത്തിലാണ് ഇപ്പോൾ മൂന്നുപേരെ പൊലീസ് പിടികൂടിയത്.

തൃപ്പൂണിത്തുറ സംഭവത്തിന് തൊട്ട് മുമ്പാണ്  കൊച്ചി നഗരത്തിൽ വൃദ്ധ ദമ്പതിളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചത്.  വ്യവസായിയായ നിപ്പോൺ ടൊയോട്ട എംഡി ബാബു മൂപ്പന്റെ ഭാര്യ വീട്ടിലാണ് വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊച്ചി നഗരത്തെ നടുക്കിയ വൻ കവർച്ച നടന്നത്.

ലിസി-പുല്ലേപ്പടി ക്രോസ് റോഡിലെ രണ്ട് നില വീട്ടിലെ വൃദ്ധ ദമ്പതികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവിടെ നിന്നും അഞ്ച് പവൻ സ്വർണ്ണം കവർന്ന മോഷ്ടാക്കൾ വൃദ്ധയുടെ കൈയ്ക്കും പരുക്കേൽപ്പിച്ചു. ഇല്ലിപ്പറമ്പിൽ മുഹമ്മദ് (74), ഭാര്യ സൈനബ (63) എന്നിവരെയാണ് ആക്രമണത്തിനിരയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.