കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. രാജുവിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ മൂന്നാംതവണയാണ് രാജു ജോസഫിനെ ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ രാജു ജോസഫിനെ ഏൽപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽനിന്നും ലഭിച്ച മെമ്മറി കാര്‍ഡ് പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ കാര്‍ഡിലാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ മായ്ചു കളഞ്ഞതാണോ എന്നും വ്യക്തമല്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും.
ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നായിരുന്നു പൾസർ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് പൊലീസിന്റെ നിഗമനം.