അട്ടപ്പാടി: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ അട്ടപ്പാടി പട്ടിമാളം ഊര് ഒറ്റപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ കനത്ത മഴ തുടരുകയാണ്. രണ്ട് ദ്വീപുകളില്‍ കുടുംബങ്ങള്‍ കുടുങ്ങി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കുടുംബങ്ങളെ രക്ഷപ്പെടുത്തി. ദവാനിപ്പുഴയുടെ അരികിലെ ദ്വീപിൽ കുടുങ്ങിയവരെ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.

കോഴിക്കോട് വനമേഖലയില്‍ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്‌ടമുണ്ടായി. മലയോര മേഖലകളിൽ ഇന്നലെ മുതൽ കനത്ത മഴ പെയ്യുകയാണ്. ഇരവിഞ്ഞിപുഴയിലും ചാലിയാർ പുഴയിലും വലിയ തോതിൽ വെള്ളം കൂടിയിട്ടുണ്ട്. പുല്ലൂരാമ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തോടുകൾക്ക് സമീപമുള്ള റോഡുകൾ വെള്ളത്തിൽ മുങ്ങി. തിരുവമ്പാടി മേഖലയിൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി കലക്‌ടർ യു.വി.ജോസ് അറിയിച്ചു.

റിസര്‍വ് വനമേഖലയോട് ചേർന്നുള്ള ആനക്കാംപൊയിൽ മറിപ്പുഴ, തേൻപാറ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായി. ഈ മേഖലകളുമായി ചേർന്ന് കിടക്കുന്ന വീടുകളിൽ വെള്ളം കയറി നാശനഷ്‌ടങ്ങൾ സംഭവിച്ചു. മറിപ്പുഴ വനമേഖലയിലാണ് ഇന്നലെ വൈകീട്ട് ആറോടെ ആദ്യം ഉരുൾപൊട്ടിയത്. തുടർന്ന് തേൻപാറ വനമേഖലയിലും ഉരുൾപൊട്ടലുണ്ടായി.

ആനക്കാംപൊയിലില്‍ നിന്ന് മുപ്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഉരുള്‍ പൊട്ടലില്‍ ആറ് കുടുംബങ്ങള്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ