പാന്പാടി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാന്പാടി നെഹ്റു കോളേജ് അദ്ധ്യാപകരെയും അനദ്ധ്യാപകരെയും പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചു. കേസിൽ അന്വേഷണം ശരിയായ വഴിക്കല്ലെന്ന ആരോപണങ്ങൾ ശക്തമായി ഉയരുന്നതിനിടെയാണ് മാതാപിതാക്കളുടെ ആവശ്യത്തിന് അനുകൂലമായി പൊലീസ് നിലപാടെടുത്തത്.
വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകനായ പ്രവീൺ എന്നിവരും അനദ്ധ്യാപക ജീവനക്കാരായ മറ്റ് മൂന്ന് പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. അതേസമയം ഇവരെ അഞ്ച് പേരെയും കേസിൽ അന്വേഷണ സംഘം ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് അറിയുന്നു.
വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി ആക്ഷേപമുയർന്നതിന് പിന്നാലെ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വാർത്തകളുണ്ടായിരുന്നു. ചെയർമാൻ പി.കൃഷ്ണദാസാണ് സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ ജീവനില്ലാതെ കാണേണ്ടി വരുമെന്ന് മാതാപിതാക്കളോട് പറഞ്ഞതായി വാർത്ത വന്നത്. എന്നാൽ ഇത് തെറ്റാണെന്നും താൻ സ്ഥലത്തില്ലായിരുന്നുവെന്നും പി.കൃഷ്ണദാസ് പറഞ്ഞു. പക്ഷെ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.