തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയിൽ തിരുത്തലിന് സാധ്യത. പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഭേദഗതിയിലെ വിവാദ ഭാഗത്ത് തിരുത്തൽവരുത്താൻ സർക്കാർ ആലോചിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന പേരിൽ നിയമം കർക്കശമാക്കുന്നതിൽ തിരുത്തൽ കൊണ്ടുവരാനാണ് സാധ്യത. പൊലീസ് നിയമഭേദഗതിക്കെതിരെ ഉയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കേരളത്തിലെ ഇടത് സർക്കാർ തീർച്ചയായും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
പൊലീസ് നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് നിയമഭേദഗതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചു. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്, മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നതും, ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം ഭേദഗതിയെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്കുന്നവരില് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.