തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിയിൽ വീഴ്‌ച പറ്റിയെന്ന് തുറന്നുസമ്മതിച്ച് സിപിഎം. നല്ല ഉദ്ദേശത്തോടെ ചെയ്‌ത കാര്യം പ്രയോഗത്തിൽ കൊണ്ടുവന്നപ്പോൾ ഉടലെടുത്ത വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആക്ട് ഭേദഗതി തിരുത്താൻ സർക്കാർ തയ്യാറായതെന്നും മുഖ്യമന്ത്രി തന്നെ ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

വിമർശനങ്ങൾക്കിടയായ കാര്യങ്ങളിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് താൻ പറഞ്ഞതെന്നും അത് ഏതെങ്കിലും വ്യക്തിയുടെയോ ഉപദേശകന്റെയോ ജാഗ്രതക്കുറവാണെന്ന് പറഞ്ഞിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

സർക്കാരിനെതിരായ കുപ്രചരണങ്ങളിൽ ജനങ്ങൾ വീഴില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾ സർക്കാരിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുപ്രചരണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല. ഇതിനെയെല്ലാം അതിജീവിച്ചാണ് ഇടതുപക്ഷം ഇവിടെ എത്തിയിട്ടുള്ളതെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.

നേരത്തെ, ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് പൊലീസ് ആക്ട് ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറിയത്. ഇടതുമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരുമടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

118 എക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയർന്നത്. നിയമ ഭേദഗതി പുനപ്പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. നിയമ ഭേദഗതിയുമായി ഉയര്‍ന്നുവന്ന എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.