തൃശൂര്‍: പ്രമുഖ നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മണിയുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം ആകുമ്പോഴും ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം കേസന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
സംഭവത്തില്‍ പ്രഥമിക അന്വേഷണത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതലായൊന്നും കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഈ തെളിവുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തെളിയിക്കാന്‍ അപര്യാപ്തവുമാണ്. അതിനാല്‍ ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് കേസ് അവസാനിപ്പിക്കാനാണ് തീരുമാനം. കേസ് സിബിഐയോ മറ്റേതെങ്കിലും ദേശീയ ഏജന്‍സി അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് പൊലീസെന്നാണ് സൂചന.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. പാഡി റെസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.
വിഷാംശം ഉള്ളില്‍ ചെന്നാണ് മണി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മണിയുടെ ആന്തരികാവയവങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ ബാഹ്യ ഇടപെടല്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഇതില്‍ നിന്നും തെളിവ് ലഭിച്ചിട്ടില്ല.