പട്ടാമ്പി: വിപണി ലക്ഷ്യമിടുന്നതാണ് രാജ്യത്തു നടക്കുന്ന സാഹിത്യോത്സവങ്ങളെന്ന് കന്നഡ കവി ശിവപ്രകാശ്. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജും വിവിധ അക്കാദമികളും സംയുക്തമായി സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ പ്രശസ്ത കന്നഡ സാഹിത്യകാരനും ഡൽഹി ജെഎൻയു അധ്യാപകനുമായ എച്ച്എസ് ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു.

ബഹുരാഷ്ട്ര കമ്പനികളാണ് രാജ്യത്തെ പല സാഹിത്യോത്സവങ്ങളുടെയും സ്പോൺസർമാരെന്ന് ശിവപ്രകാശ് ചൂണ്ടിക്കാട്ടി. “വിപണിയെ ലക്ഷ്യമിട്ടാകരുത് സാഹിത്യോത്സവങ്ങൾ നടക്കേണ്ടത്. സാഹിത്യത്തിന്റെ ഉന്നമനത്തിന് ആവശ്യം ഇത്തരം സാഹിത്യോത്സവങ്ങളാണ്,” അദ്ദേഹം പറഞ്ഞു.

എഴുത്തുകാരായ ഇപി രാജഗോപാലൻ, ജയമോഹൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കോളജ് പ്രിൻസിപ്പൽ എസ് ഷീല, മലയാള വിഭാഗം അധ്യക്ഷൻ ഡോ. എച്ച് കെ സന്തോഷ് എന്നിവർ പ്രസംഗിച്ചു. നിരവധി കവികളും കാവ്യാസ്വാദകരുമാണ് കവിതയുടെ കാർണിവലിനായി പട്ടാമ്പിയിലേക്ക് എത്തിയിരിക്കുന്നത്.

തമിഴ് എഴുത്തുകാരൻ മനുഷ്യപുത്രൻ കാർണിവൽ ബുക്ക്, എച്ച് എസ് ശിവപ്രകാശിനു നൽകി പ്രകാശനം ചെയ്തു. കാർണിവൽ പരിപ്രേക്ഷ്യം ഡോ. എം ആർ അനിൽകുമാർ അവതരിപ്പിച്ചു. വീണ്ടെടുപ്പിന്റെ കേരളം എന്ന പ്രമേയത്തിൽ നടക്കുന്ന ചിത്രപ്രദർശനം ഡോ. കെ.സി.നാരായണൻ ഉദ്ഘാടനം ചെയ്തു. ഷാജി അപ്പുക്കുട്ടൻ, ആന്റോ ജോർജ്, ബൈജു ദേവ്, അനിത കുളത്തൂർ, സാന്ദ്ര സോണിയ എന്നിവരുടെ ചിത്രങ്ങളാണ് ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

വിവിധ വിഷയങ്ങളിൽ വി സനിൽ, എൻ അജയകുമാർ, കെ എം അനിൽ എന്നിവർ പ്രഭാഷണം നടത്തി. വൈകിട്ട് തമിഴ് കവി മനുഷ്യപുത്രനുമായി മുഖാമുഖം നടന്നു. കവി സംഗമത്തിൽ കവിതയുടെ വഴികളെക്കുറിച്ച് എസ് ജോസഫ് സംസാരിച്ചു. മനുഷ്യ ജീവിതത്തോട് അടുപ്പമുള്ള വാക്കുകളുപയോഗിച്ചു വേണം കവിതയെഴുതേണ്ടതെന്ന് എസ് ജോസഫ് പറഞ്ഞു. കാഴ്ചാപരിമിതരുടെ കവിതകൾ നിരവധി പേരെ ആകർഷിച്ചു.

വെളളിയാഴ്ച കെ ഇ എൻ കുഞ്ഞഹമ്മദ്, എംവി നാരായണൻ, ടിടി ശ്രീകുമാർ, ബോസ് കൃഷ്ണമാചാരി, അജയ് ശേഖർ, കൽപറ്റ നാരായണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. കാർണിവൽ ശനിയാഴ്ച സമാപിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.