Latest News

കവയിത്രി സുഗതകുമാരി വിടവാങ്ങി; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു

sugatha kumari,സുഗതകുമാരി, poet sugatha kumari കവയിത്രി സുഗതകുമാരി, padma shri sugatha kumari, പത്മശ്രീ സുഗതകുമാരി, sugatha kumari awards, സുഗതകുമാരി പുരസ്‌കാരങ്ങള്‍, sugatha kumari profiles, സുഗതകുമാരി ജീവചരിത്രം, sugatha kumari poems, സുഗതകുമാരി കൃതികള്‍, സുഗതകുമാരി കവിതകള്‍, sugatha kumari poem rathri mazha, സുഗതകുമാരി കവിത രാത്രിമഴ, sugatha kumari poem ambala mani, സുഗതകുമാരി കവിത അമ്പലമണി, sugatha kumari poem pathirappokkal, സുഗതകുമാരി കവ ിത പാതിരാപ്പൂക്കള്‍, sugatha kumari poem manalezhuthu, സുഗതകുമാരി കവിത മണലെഴുത്ത്, sugatha kumari saraswati samman, സുഗതകുമാരി സരസ്വതി സമ്മാന്‍, sugatha kumari silent valley protest, സുഗതകുമാരി സൈലന്റ് വാലി പ്രക്ഷോഭം, sugatha kumari abhaya, സുഗതകുമാരി അഭയ, sugatha kumari prakriti samrakshana samithi, സുഗതകുമാരി പ്രകൃതി സംരക്ഷണ സമിതി, sugatha kumari family, സുഗതകുമാരി കുടുംബം, sugatha kumari kerala balasahithya institute, സുഗതകുമാരി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് sugatha kumari thaliru masika, സുഗതകുമാരി തളിര് മാസിക, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും പത്മശ്രീ പുരസ്‌കാര ജേതാവും സാമൂഹിക, പരിസ്ഥിതി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യവും സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ സുഗതകുമാരി (87) അന്തരിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി, എഴുത്തച്ഛന്‍, ഓടക്കുഴല്‍ പുരസ്‌കാരങ്ങള്‍ക്കും സരസ്വതി സമ്മാനും അര്‍ഹയായിട്ടുണ്ട്. കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

സംസ്കാരം ഇന്നു വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. കോവിഡ് പ്രോട്ടോ കോൾ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ. ഉച്ചയ്ക്ക് ഒന്നു മുതൽ പാളയം അയ്യങ്കാളി ഹാളിൽ  ഛായാചിത്രത്തിനു മുന്നിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാം. സുഗതകുമാരിയുടെ കുടുംബാംഗങ്ങൾ ഹാളിലുണ്ടാവും. വൈകിട്ട് അഞ്ചിന് സാംസ്കാരിക വകുപ്പിന്റ ആഭിമുഖ്യത്തിൽ അയ്യൻകാളി ഹാളിൽ അനുശോചന യോഗം ചേരും.

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്‍ എന്നറിയപ്പെടുന്ന കേശവ പിള്ളയുടെയും സംസ്‌കൃത പണ്ഡിതയും അധ്യാപികയുമായ വി.കെ. കാര്‍ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി മൂന്നിനു പത്തനംതിട്ട ആറന്മുള വാഴുവേലില്‍ തറവാട്ടിലായിരുന്നു ജനനം. വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പരേതനായ ഡോ. കെ. വേലായുധന്‍ നായരാണു ഭര്‍ത്താവ്. മകള്‍: ലക്ഷ്മി. എഴുത്തുകാരിയും അധ്യാപികയും വിദ്യാഭ്യാസവിചക്ഷണയുമായ ഹൃദയകുമാരി, കവയിത്രി സുജാത ദേവി എന്നിവര്‍ സഹോദരങ്ങളാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1955ല്‍ തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുഗതകുമാരി ഗവേഷണത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല.

Also Read: സുഗതകുമാരി: മലയാള കവിതയിലെ ഒരുകുടന്ന വെളിച്ചം

1957ലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. രാത്രിമഴ, അമ്പലമണി, പാതിരാപ്പൂക്കള്‍, മണലെഴുത്ത് എന്നിവയാണു പ്രധാന കൃതികള്‍. പാതിരപ്പൂക്കളിന് 1968ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും രാത്രിമഴയ്ക്ക് 1978 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും അമ്പലമണിയ്ക്ക് 1982 ഓടക്കുഴല്‍ പുരസ്‌കാരവും 1984ല്‍ വയലാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാന് അര്‍ഹമായി. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കു നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായി.

ആശാന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ജന്മാഷ്ടമി പുരസ്‌കാരം എന്നിവയും സുഗതകുമാരിയെ തേടിയെത്തി.

പ്രമുഖ ഗാന്ധിയന്‍ ചിന്തകനായ പിതാവ് ബോധേശ്വരനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു സുഗതകുമാരിയുടെ സാമൂഹികപ്രവര്‍ത്തന മേഖലയിലേക്കുള്ള കടന്നുവരവ്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സേവ് സൈലന്റ് വാലി പ്രക്ഷോഭത്തില്‍ അവര്‍ സുപ്രധാന പങ്കുവഹിച്ചു. സുഗതകുമാരിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് വനം-പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി എഴുത്തുകാര്‍ ഒരുമിച്ച ആദ്യ കൂട്ടായ്മ കൂടിയായിരുന്നു ഇത്. തുടര്‍ന്ന് വനപര്‍വം എന്ന പേരില്‍ പ്രമുഖ എഴുത്തുകാരുടെ കൃതികള്‍ അടങ്ങിയ പുസ്‌കം പുറത്തിറക്കിയതും പുതിയൊരു കാല്‍വയ്പായി. സൈലന്റ് വാലി അഥവാ നിശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമായിട്ടാണു കണക്കാക്കപ്പെടുന്നത്. സൈലന്റ് വാലിയുടെ കാര്യത്തില്‍ നീണ്ട നിയമയുദ്ധത്തിനും സുഗതകുമാരി തുനിഞ്ഞിറങ്ങി.

പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയാണ്. പ്രകൃതിസംരക്ഷണ േെമഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരവും സാമൂഹിക സേവനത്തിനുള്ള ജെംസെര്‍വ്, ലക്ഷ്മി പുരസ്‌കാരങ്ങളും ലഭിച്ചു.

Also Read: കൃഷ്ണ കവിതയിലെ സാക്ഷ്യങ്ങൾ

സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച സുഗതകുമാരി അഗതികളായ സ്ത്രീകള്‍ക്കും മാനസികപ്രശ്‌നമുളള്ളവര്‍ക്കും സംരക്ഷണം നല്‍കുന്ന അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. അടച്ചിട്ട മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതു സംബന്ധിച്ച നയരൂപീകരണത്തിലും സുഗതകുമാരിയും അഭയയും സുപ്രധാന പങ്കുവഹിച്ചു.

ദീര്‍ഘകാലം തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. ഈ സമയത്ത് കുട്ടികള്‍ക്കുവേണ്ടി ചെയ്ത പുരോഗമനപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ പല തലമുറകള്‍ക്കു ഗുണകരമായി. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസികയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്നു. 2006 ലാണ് പത്മശ്രീ ലഭിച്ചത്.

സുഗതകുമാരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിനു ദോഷമേതും വരില്ലെന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര് തെളിയിച്ചു. പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉൾക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്റെ യശസുയർത്തി.
ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ, ഭാഷാ സംരക്ഷണ, ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വേണം സുഗതകുമാരിയുടെ വ്യക്തിത്വത്തെ മനസിലാക്കേണ്ടത്. വനിതാ കമ്മിഷൻ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്നങ്ങളിൽ മാതൃകാപരമായി ഇടപെട്ടു. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Poet social activist sugathakumari dead

The moderation of comments is automated and not cleared manually by malayalam.indianexpress.com