കോഴിക്കോട്: പ്രശസ്ത കവി എം.എൻ.പാലൂർ (86) അന്തരിച്ചു. കോഴിക്കോട്ടെ ചേവായൂരിലെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ആശാൻ കവിതാപുരസ്കാരവും നേടിയിട്ടുണ്ട്. യഥാർത്ഥ പേര് പാലൂർ മാധവൻ നമ്പൂതിരി എന്നാണ്. കഥയില്ലാത്തവന്‍റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. പേടിത്തൊണ്ടൻ, കലികാലം, പച്ചമാങ്ങ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ.പി.നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി. പിന്നീട് നാടുവിട്ടു ബോംബെയിൽ എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു.

അദ്ദേഹത്തിന്റെ കവിതകളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയാണ് ഉഷസ്സ്. പുതിയ തലമുറയോട് ജീവിതം എന്തെന്നറിഞ്ഞ ഒരു മനുഷ്യന്റെ സന്ദേശമാണ് ഉഷസ്സ്. ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു. വാക്കുകളിലും ചിന്തകളിലും സൗമ്യത കാത്തുസൂക്ഷിക്കുന്ന കവി, ഗർജിക്കുന്നവരുടെ ലോകത്തു സൗമ്യശീലം ചിന്തയിലും മറ്റും ആവാഹിക്കുന്ന വേറിട്ടൊരു കാവ്യ രീതിയാണ് അവലംബിച്ചിരിക്കുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.