തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം.

2017-ല്‍ സാഹിത്യരംഗത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയിരുന്നു. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ.വേലായുധന്റെയും കെ.ഭാനുക്കുട്ടിഅമ്മയുടെയും മകനായാണ് ജനനം.

1961 മുതൽ 1968വരെ കെ. ബാലകൃഷ്ണന്റെ ‘കൗമുദി’ ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്നു. 1968മുതൽ 1993വരെ കേരള ഭാഷാ ഇൻസ്റ്റി‌റ്റ‌്യൂട്ടിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്.

മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക് (കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തമാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാരങ്ങള്‍), എന്നിവയാണ് പ്രധാന കൃതികള്‍. ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ ചിത്രങ്ങളുടെ ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.

പഴവിള രമേശന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ചു നിന്ന അദ്ദേഹം കവിതയിൽ ആധുനികതയുടെ വക്താക്കളിൽ ഒരാളായിരുന്നുന്നെന്നും അനുശോചന കുറിപ്പില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു.

ഭാര്യ- സി.രാധ.മക്കള്‍- സൂര്യ സന്തോഷ്, സൗമ്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.