പ്രശസ്‌ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 സിനിമകളിലായി ഇരുന്നൂറിലേറെ പാട്ടുകൾക്ക് വരികളെഴുതിയ കലാകാരനെയാണ് മലയാള സിനിമയ്‌ക്ക് നഷ്‌ടമായത്. സംസ്‌കാരം ഇന്നു നടക്കും. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ:രേണുക, രാധിക, രാഗിണി

Read Also: ‘ലോകം മഹാമാരിക്കെതിരെ പൊരുതുമ്പോൾ കേരളത്തിൽ മുതലാളി സംഘടനയുടെ ഫത്വ’: ഫിയോക്കിനെതിരെ ആഷിഖ് അബു

ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര രാമന്‍കുട്ടി പ്രശസ്തനാവുന്നത്. പിന്നീട് വിവിധ നാടക സമിതികള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ എഴുതി. രാമൻകുട്ടി എഴുതിയ സിനിമാഗാനങ്ങളും ഏറെ ശ്രദ്ധ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധിപനിലെ ‘ശ്യാമമേഘമേ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’, ‘എങ്ങനെ നീ മറക്കും’ എന്ന സിനിമയിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ’ തുടങ്ങിയ പാട്ടുകളെല്ലാം മലയാളിയുടെ ചുണ്ടിൽ എപ്പോഴും തങ്ങിനിൽക്കുന്നവയാണ്.

1936 ജനുവരി 19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് രാമൻകുട്ടിയുടെ ജനനം. പന്തളം എൻഎസ്‌എസ് കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 1978 ൽ ‘ആശ്രമം’ എന്ന ചിത്രത്തിലെ ‘അപ്‌സരകന്യക’ എന്ന ഗാനമെഴുതികൊണ്ടാണ് സിനിമ പാട്ടെഴുത്തിലേക്ക് രാമൻകുട്ടി ചുവടുവെച്ചത്. ആകാശവാണിക്കുവേണ്ടി അദ്ദേഹം നാടകങ്ങളും എഴുതിയിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. “‘ദേവദാരു പൂത്തു’ പോലുള്ള നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റേതായിയുണ്ട്. നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ എഴുതി. മികച്ച സാംസ്കാരിക പ്രഭാഷകനായിരുന്നു ചുനക്കര രാമൻകുട്ടി,” എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.