കൊച്ചി: കവിയും അധ്യാപകനുമായിരുന്ന ചെമ്മനം ചാക്കോ (92) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു നിര്യാണം. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം.   മലയാളത്തിലെ വിമർശനഹാസ്യസാഹിത്യത്തിലെ വർത്തമാനകാലത്തെ കുലപതിയായി അറിയപ്പെട്ടിരുന്ന സാഹിത്യകാരനാണ് ചെമ്മനം. വർത്തമാന കാലസംഭവങ്ങളോട് തീവ്രമായ നർമ്മബോധത്തെ പ്രതികരിച്ചിരുന്ന കവിയായിരുന്നു അദ്ദേഹം.

കോട്ടയം വൈക്കം മുളക്കുളത്ത് വൈദികനായിരുന്ന യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി 1926 മാർച്ച് ഏഴിന് ജനിച്ചു. കുടുംബ പേരാണ്‌ ചെമ്മനം. പിറവം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ച്‌ മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ്‌ ബിരുദം നേടി.

വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1977 ൽ പ്രസിദ്ധീകരിച്ച ‘രാജപാത’ എന്ന കാവ്യ സമാഹരത്തിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയത്.

പിറവം സെന്റ്‌. ജോസഫ്സ് ഹൈസ്കൂൾ, പാളയംകോട്ട സെന്റ്‌ ജോൺസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1968 മുതൽ 86 വരെ കേരള സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.

കേരള സാഹിത്യ അക്കാദമി, ഓഥേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്‌, മലയാളം ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ്‌ തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട്

1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു. 1946-ൽ ചക്രവാളം മാസികയിൽ “പ്രവചനം “എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു. 1965-ൽ പ്രസിദ്ധീകരിച്ച “ഉൾപ്പാർട്ടി യുദ്ധം” കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തിരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ്‌ അദ്ദേഹത്തിന്റെ രചനകളെ ശ്രദ്ധേയമാക്കിയത്.

മുപ്പതോളം കവിതാ സമാഹാരങ്ങൾ, ബാലകവിതകൾ, ബാലകഥകൾ. പരിഭാഷ വിമർശന ലേഖനങ്ങൾ, ചെറുകഥാ സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ ചെമ്മനം ചാക്കോ രചിച്ചിട്ടുണ്ട്.

Poet Chemmanam Chacko Passes Away 1

ചെമ്മനം ചാക്കോ

തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌. ഇതിന് ഉദാഹരണമാണ് ‘ആളില്ലാക്കസേരകൾ’ എന്ന അദ്ദേഹത്തിന്റെ കവിത. ഏജീസ് ഓഫിസിനെ കുറിച്ച് ചെമ്മനം ചാക്കോ എഴുതിയ ഈ​ കവിത അന്ന് ഏറെ വിവാദമുയർത്തി. ഈ​ കവിത പ്രസിദ്ധീകരിച്ചു വന്ന പശ്ചാത്തലത്തിൽ അന്ന് അക്കൗണ്ടന്റ് ജനറലായിരുന്ന ജയിംസ് ജോസഫ് ജീവനക്കാർക്ക് ഉത്തരവ് നൽകിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

കേരളീയ സമൂഹത്തിന്റെ വർത്തമാനകാലത്തെ കുറിച്ച് അതേ കാലയളവിൽ ചിത്രീകരണം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. സമൂഹത്തിലെ ദുഷിച്ച അവസ്ഥകൾക്ക് നേർക്ക് പിടിച്ച കണ്ണാടിയായിരുന്ന ചെമ്മനത്തിന്റെ ഹാസ്യകവിതകളിൽ ഏറെയും.

കോലഞ്ചേരി ഏളൂർ കുടുംബാംഗമായ ബേബിയാണ് ഭാര്യ. മക്കൾ: ഡോ. ജയ, ഡോ. ശോഭ,മരുമക്കൾ: ഡോ. ചെറിയാൻ​ വർഗീസ് (യു കെ), ഡോ. ജോർജ് പോൾ (കൊച്ചി)

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ