scorecardresearch

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം; അതിജീവിത അപ്പീല്‍ നല്‍കുമെന്ന് ഐക്യദാര്‍ഢ്യ കൂട്ടായ്മ

ഏപ്രില്‍ 17-നു പുസ്തക പ്രകാശനത്തിനായി എത്തിയപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസാണു കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ സിവിക്കിനെതിരെ മറ്റൊരു ലൈംഗിക പീഡനക്കേസും ഇതേ സ്റ്റേഷനിലുണ്ട്

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം; അതിജീവിത അപ്പീല്‍ നല്‍കുമെന്ന് ഐക്യദാര്‍ഢ്യ കൂട്ടായ്മ

കോഴിക്കോട്: ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഉത്തരവിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ‘അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മ’ അറിയിച്ചു.

പാഠഭേദം മാസികയുടെ പ്രിന്ററും പബ്ലിഷറും എഡിറ്ററുമായ സിവിക് ചന്ദ്രനെതിരെ അധ്യാപികയായ യുവ എഴുത്തുകാരി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസാണു കേസെടുത്തത്. ഏപ്രില്‍ 17-നു പുസ്തക പ്രകാശനത്തിനായി എത്തിയപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കൊപ്പം പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ സംബന്ധിച്ച നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു കേസെടുത്തിരുന്നത്.

സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിവിധ കോണുകളില്‍നിന്ന് രൂക്ഷവിമര്‍ശമുയര്‍ന്നിരുന്നു. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദലിത് സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.സിവിക്കിനെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം.

എന്നാല്‍ സിവിക് ഒളിവിലാണെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമാണു പൊലീസ് പറഞ്ഞിരുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സിവിക്കിന്റെ വീട്ടിലേക്കു പലതവണ അന്വേഷണസംഘം എത്തിയിരുന്നു. ഇതിനിടെയാണു സിവിക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിക്കണമെന്നും ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണു താനെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിവിക്കിന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍, സിവിക് പരാതിക്കാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി ഹാജരാക്കിയിരുന്നു.

സിവിക്കിനെതിരെ മറ്റൊരു പീഡനക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയാണ് ഈ പരാതി നല്‍കിയത്. കൊയിലാണ്ടി പൊലീസിലാണ് ഈ കേസും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീ- ദലിത് പക്ഷ നിയമങ്ങള്‍ ഈ വിധിയില്‍ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ലെന്നാണ് കുറ്റാരോപിതന് എളുപ്പം മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍നിന്നു മനസിലാകുന്നതെന്ന്് ‘അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മ’ ആരോപിച്ചു.

”പാര്‍ശ്വവല്‍കൃത ദലിത് സമൂഹത്തില്‍നിന്നുള്ള അതിജീവിതയ്ക്ക് ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ദു:ഖകരമാണ്. സ്ത്രീപീഡന കേസുകളില്‍ ലൈംഗികാക്രമണകാരികളായ പുരുഷന്മാര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തില്‍ കൂടുതല്‍ സ്ത്രീപീഡകരെ സൃഷ്ടിക്കാന്‍ കാരണമാകും. അതിജീവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിധിപ്പകര്‍പ്പ് ലഭിചച്ചശേഷം വിശദമായ പ്രതികരണം നടത്തും,”കൂട്ടായ്മ അറിയിച്ചു.

ജില്ലാ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നതുകൊണ്ട് സിവിക് ചന്ദ്രന്‍ കുറ്റവിമുക്തനാകുന്നില്ല .സാമൂഹിക – സാംസ്‌കാരിക രംഗത്ത് പ്രമുഖനായി നിലകൊള്ളുന്ന സിവിക് ചന്ദ്രന്‍ നടത്തിയ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിയുകയും അതിജീവിതമാരുടെ നീതിക്കുവേണ്ടിയുള്ള തുടര്‍പോരാട്ടത്തിനൊപ്പം നില്‍ക്കണമെന്നും കൂട്ടായ്മ അഭ്യര്‍ഥിച്ചു.

കെ അജിത, സി എസ് ചന്ദ്രിക, ബിന്ദു അമ്മിണി, ശ്രീജ നെയ്യാറ്റിന്‍കര, ദീപ പി മോഹന്‍, എം സുല്‍ഫത്ത്, ഡോ. ധന്യ മാധവ് എന്നിവരാണു പ്രസ്താവന പുറപ്പെടുവിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Poet and social activist civic chandran gets anticipatory bail in alleged sexual harassment case