പട്ടാമ്പി: കവിതയുടെ കാർണിവലിന്റെ നാലാം എഡീഷൻ 2019 ജനുവരി 23 മുതൽ 26 വരെ പട്ടാമ്പി ഗവ.കോളേജിൽ നടക്കും. പട്ടാമ്പി കോളേജ് മലയാളവിഭാഗം വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവലിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് എഴുത്തുകാരും ആസ്വാദകരും പങ്കെടുക്കും.

കവിതയുടെ കാർണിവൽ  നാലാം പതിപ്പിന്റെ വിഷയം ‘കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകൾ’ എന്നതാണ്. മലയാളിയുടെ സാമൂഹ്യഭാവനയും അനുഭൂതിസങ്കല്പവും  വിവിധകാലങ്ങളിൽ എങ്ങനെ രൂപപ്പെട്ടു എന്നും കവിത ഇതരസാഹിത്യരൂപങ്ങളോടും കലകളോടും ചരിത്രത്തിന്റെ വിവിധഘട്ടങ്ങളിൽ അനുഭൂതിനിഷ്ഠതലത്തിൽ സമാന്തരമായി എങ്ങനെ സഞ്ചരിച്ചു എന്നും അതിന് അടിപ്പടവായി വർത്തിച്ച രാഷ്ട്രീയസാമൂഹ്യ ബലതന്ത്രങ്ങളും സാമൂഹ്യ ആശയാവലികളും എന്തായിരുന്നു എന്നും  കവിതാ ചരിത്രത്തിലൂടെ അന്വേഷിക്കുക, ഈ അനുഭൂതി ചരിത്രത്തിലൂടെ കവിതാസാഹിത്യ ചരിത്രത്തെ പുനർവായിക്കുക, കേരളത്തിന്റെയും കവിതയുടെയും ഭാവിയിലേക്കുള്ള സൂചകങ്ങളെ നിർധാരണം ചെയ്യുക എന്നതാണ് ഈ കാർണിവലിന്റെ ലക്ഷ്യം.

കാർണിവലിന്റെ ഭാഗമായി കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പ് എന്ന പ്രമേയത്തെ മുൻനിർത്തി ജനുവരി 24, 25, 26 തീയതികളിലായി സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഉദ്ദേശിച്ച് കവിത -ചിത്ര –ശില്പരചനകളും ആസ്വാദനവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റെസിഡൻഷ്യൽ ക്യാമ്പായാണ് സ്റ്റുഡന്റ്സ് കാർണിവൽ നടത്തുന്നത്.  ശില്പശാലകൾ, ആസ്വാദനക്ലാസ്സുകൾ, പരിശീലനക്കളരി, സംവാദങ്ങൾ, പ്രമുഖരുടെ പ്രഭാഷണങ്ങൾ, ക്യാമ്പംഗങ്ങളുടെ അവതരണങ്ങൾ, കവിതാവായന, കവിതാരചന -ആലാപന മൽസരങ്ങൾ, പ്രശ്നോത്തരി, ചിത്ര-ശില്പ രചന, പ്രദർശനങ്ങൾ, രംഗാവിഷ്കാരങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവ ഈ ക്യാമ്പിന്റെ ഭാഗമായി നടക്കും.

ക്യാമ്പംഗങ്ങൾക്ക് താമസം, ഭക്ഷണം, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്. പ്രമുഖ ചിത്രകാരന്മാരും ശില്പികളും കവികളും നിരൂപകരും ക്യാമ്പിൽ സംബന്ധിക്കും. ഈ ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ജനുവരി 20 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും  9048902721 എന്ന നമ്പറിലോ sngsmalayalam@gmail.com   എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.