തിരുവന്തപുരം: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള കേസുകളും ബലാല്‍സംഗകേസുകളും വേഗത്തില്‍ വിചാരണ ചെയ്യുന്നതിനുള്ള 17 സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് കോടതികൾ നാളെമുതൽ പ്രവർത്തനം ആരംഭിക്കും. കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ചേര്‍ന്ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

പോക്സോ കേസുകളും ബലാല്‍സംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 പ്രത്യേക കോടതികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ 17 എണ്ണമാണ് ഇപ്പോള്‍ തുടങ്ങുന്നത്. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്സോ കേസുകളും 6700 ബലാല്‍സംഗ കേസുകളും നിലവിലുണ്ട്.

ഇന്‍റര്‍പോളിന്‍റെ സഹായം തേടും

പോക്സോ കേസുകളിൽ ഇന്‍റര്‍പോളിന്‍റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ നടപടിയെടുക്കും. ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഓൺലൈനിൽ: 47 പേര്‍ അറസ്റ്റില്‍; 89 കേസുകള്‍

“ഈയിടെ കേരള പൊലീസിന്‍റെ 117 ടീമുകള്‍ പങ്കെടുത്ത ഒരു റെയ്ഡില്‍ ഒരു ഡോക്ടറുള്‍പ്പെടെ 89 പേരാണ് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വന്തം വീടുകളില്‍ പോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അതിക്രമം നേരിടേണ്ടിവരുന്നു എന്ന വസ്തുതയാണ് ഈ അന്വേഷണത്തില്‍ വ്യക്തമായി. റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കുട്ടികള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്. അത്തരം കാരണങ്ങള്‍ സമഗ്രമായി വിലയിരുത്താനും അതിന്‍റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,”- മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് വലിയ വെല്ലുവിളായാണ് മുന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ഷംനയെ ഭീഷണിപ്പെടുത്തിയവർ തന്നെയും വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി ധർമജൻ

ചടങ്ങില്‍ നിയമ മന്ത്രി എ.കെ. ബാലന്‍, സാമൂഹ്യനീതി-ശിശു വികസന മന്ത്രി കെ.കെ. ശൈലജ, ഹൈക്കോടതി ജഡ്ജിമാരായ സി.ടി. രവികുമാര്‍, എ.എം. ഷെഫീഖ്, കെ. വിനോദ് ചന്ദ്രന്‍, എ. ഹരിപ്രസാദ്, അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി അരവിന്ദ് ബാബു, ആഭ്യന്ത അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.