പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് , കൂട്ടാളി സൈജു തങ്കച്ചൻ എന്നിവർക്ക് കർശന ഉപാധികളോടെ ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രതികൾ ഒരു ലക്ഷം രൂപ വീതം കെട്ടിവെക്കണം, കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് ഉപാധികൾ.
മൂന്നാം പ്രതി അഞ്ജലിക്കെതിരെ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. മുൻകൂർജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് റോയ് വയലാട്ടും സൈജു തങ്കച്ചനും കീഴടങ്ങുകയായിരുന്നു.
കോഴിക്കോട് സ്വദേശികളായ അമ്മയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി നേരിട്ടതായും പരാതിക്കാര്‍ പറയുന്നു.