കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി കൂടുതല്‍ വാദത്തിനായി മാറ്റി. ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചന്, കൂട്ടാളി അഞ്ജലി വടക്കേ പുരയ്ക്കല്‍ എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്.
കേസ് തിങ്കളാഴ്ച പരിഗണിക്കും. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ കോടതിയുടെ അനുമതി തേടി. മൂന്നു മാസമായി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് റോയ് വയലാറ്റില്‍ ബോധിപ്പിച്ചു. എന്നാൽ റോയി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരി എല്ലാ ദിവസവും ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം പുറത്തുവിട്ടെന്നും മറ്റൊരു കേസില്‍ വയനാട് സ്വദേശിയെ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
2021 ഒക്ടോബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലഹരി വസ്തുക്കള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഇവര്‍ ആരോപിക്കുന്നു. കോഴിക്കോട് സ്വദേശിയായ യുവതിയും പതിനേഴുകാരിയായ മകളുമാണ് പരാതിക്കാര്‍.
കേസിനു പിന്നില്‍ പണം തട്ടാനുള്ള ശ്രമമാണെന്നാണ് കുറ്റാരോപിതര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. മോഡലുകളുടെ അപകടമരണത്തിനു ശേഷം ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു. കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിനിടെ പരാതിക്കാരെ വിമര്‍ശിച്ചുകൊണ്ട് അഞ്ജലിയുടേതെന്ന് കരുതപ്പെടുന്ന ഓഡിയോ സന്ദേശങ്ങള്‍ രണ്ടു തവണ പുറത്തുവന്നിരുന്നു.
പരാതിക്കാരിയായ പെണ്‍കുട്ടിയെ ബാറില്‍ കൊണ്ടുവന്നത് അമ്മയാണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ അഞ്ജലിയുടെ വാദങ്ങള്‍ പരാതിക്കാര്‍ പൂര്‍ണമായും തള്ളി. ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇവരുടെ പ്രതികരണം.