തൊടുപുഴ: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനു വിവിധ വകുപ്പുകളിലായി 35 വര്‍ഷം കഠിനതടവ് ശിക്ഷ. ഏഴു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ നാല്‍പ്പത്തിയൊന്നുകാരനെ തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. പ്രതി രണ്ടു ലക്ഷം രൂപ പിഴയൊടുക്കുകയും വേണം.
12 വയസില്‍ താഴെയുള്ള കുട്ടിയായതിനാല്‍ ബലാത്സംഗത്തിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും, കുറ്റം പലതവണ ആവര്‍ത്തിച്ചതിനാല്‍ 10 വര്‍ഷം തടവും 50,000 രൂപ പിഴയും, പ്രതി കുട്ടിയുടെ രക്ഷകര്‍ത്താവായതിനാല്‍ 15 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും എന്നിങ്ങനെയാണു ശിക്ഷ വിധിച്ചത്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. ഇതിനാല്‍ പ്രതിക്ക് 15 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.
2014 മേയ് 24നായിരുന്നു കേസിനാസ്പദമായ സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന മകളെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ ജോലിക്കും സഹോദരന്‍ കളിക്കാനും പോയതായിരുന്നു.
Also Read: കോഴിക്കോട്ട് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
പെണ്‍കുട്ടി അമ്മയോട് പീഡനവിവരം പറയുകയായിരുന്നു. തുടര്‍ന്ന് വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. ഇതോടെ, മുന്‍പ് പലതവണ പ്രതി മകളെ പീഡിപ്പിച്ചെന്ന വിവരവും പുറത്തുവരികയായിരുന്നു. കേസില്‍ അമ്മയും മുത്തശ്ശിയും ഉള്‍പ്പെടെ 13 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചിരുന്നു.
എഡിറ്ററുടെ കുറിപ്പ്:
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.