കൊച്ചി: ശബരിമല വിധി നടപ്പിലാക്കിയ ഇടത് സർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ സിപിഎം പൊളിറ്റ് ബ്യുറോ. സംസ്ഥാനത്തെ അധികാരം ഉറപ്പിക്കാനുളള ബിജെപിയുടെ നീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

“ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടിവച്ച കാശ് പോലും കിട്ടില്ല. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തില്ലെന്നതിന്റെ സൂചനയാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ. എന്നിട്ടും ഇവിടെ വന്നിട്ട് നടത്തുന്ന പ്രസ്താവനകൾ കേരളം അവജ്ഞയോടെ തളളിക്കളയും,” അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പരമോന്നത നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതിൽ നാണിക്കാനെന്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സിപിഎം പൊളിറ്റ് ബ്യുറോ പ്രസ്താവനയിൽ ചോദിച്ചു. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനെത്തിയ നരേന്ദ്രമോദി പ്രസംഗത്തിനിടെ ഉന്നയിച്ച വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു സിപിഎം.

പ്രധാനമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് പിബി പത്ര പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞടുക്കപ്പെട്ട സർക്കാരിനെ സുപ്രീം കോടതി നടപടി നടപ്പിലാക്കിയതിനാണ് അദ്ദേഹം വിമർശിക്കുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

ഭരണഘടനയിൽ തൊട്ടാണ് മോദി സത്യപ്രതിജ്ഞ ചെയ്തതെന്ന് അദ്ദേഹം മറന്നിരിക്കുന്നു. ആർഎസ്എസ് പ്രചാരകനെ പോലെയാണ് അദ്ദേഹത്തിന്റെ സംസാരം, അല്ലാതെ പ്രധാനമന്ത്രിയെ പോലെയല്ല. അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടനയെയും സുപ്രീം കോടതിയെയും അധിക്ഷേപിക്കുന്നതാണ്.

തങ്ങൾക്കിഷ്ടപ്പെടാത്ത സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ബിജെപിയും ആർഎസ്എസും അനുവദിക്കില്ലെന്നാണ് പ്രധാനമന്ത്രി തന്റെ പ്രസ്താവനയിലൂടെ പറഞ്ഞിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ടിട്ടില്ലാത്ത ഒന്നാണിതെന്നും പിബി വിമർശിച്ചു.

ഇന്ത്യൻ ഭരണഘടനയെയും മതേതര ഇന്ത്യയ്ക്കും വേണ്ടി നിലകൊളളുന്നവർ പ്രധാനമന്ത്രിയുടെ നിലപാടിനെ കുറ്റപ്പെടുത്തുമെന്നും പിബി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.