തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഗ്രാമീണ വിഭാഗത്തിലേക്ക് ഓഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിൽ നടക്കുന്നത് വ്യാജപ്രചാരണങ്ങളെന്ന് പിഎംഎവൈ ഗ്രാമീണ പാർപ്പിട പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസർ. വ്യാജപ്രചാരണത്തിൽ ജനങ്ങൾ വഞ്ചിതരാകരുതെന്ന് പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്‌മെന്റ് കമ്മീഷണറുമായ വിഎസ് സന്തോഷ് കുമാർ പറഞ്ഞു.

സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ ആഗസ്റ്റ് ഒന്നു മുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നുണ്ട്. ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് പിഎംഎവൈയുടെ പേരിൽ വ്യാജ വാട്ട്‌സ്അപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More Kerala News: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ പണം തട്ടിയ കേസ്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

“പിഎംഎവൈ പ്രകാരമുള്ള ഗ്രാമീണ പാർപ്പിട പദ്ധതിയിൽ ആവാസ്പ്ലസ് മൊബൈൽ ആപ് വഴി പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് 8 വരെയാണ് കേന്ദ്ര സർക്കാർ അനുമതി തന്നിരുന്നത്. അങ്ങനെ ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്കു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല,” നോഡൽ ഓഫീസർ പറഞ്ഞു.

ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങൾ കണ്ട് തെറ്റിദ്ധരിച്ച് വിഇഒമാരെയോ, ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Read More Kerala News: എംബാം ചെയ്യാൻ സാധിക്കാത്ത അവസ്ഥ; മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല

ലൈഫ് പദ്ധതിയിൽ ഉൾപ്പെടാതെ പോയ അർഹർക്ക് അപേക്ഷിക്കാൻ ഈമാസം 14 വരെ അവസരമുണ്ട്. ശനിയാഴ്ച രജിസ്‌ട്രേഷൻ ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സന്തോഷ് കുമാർ പറഞ്ഞു. “ശനിയാഴ്ച രാവിലെ 10.30 ഓടെ തന്നെ 500 ൽ അധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14 വരെ സമയമുള്ളതിനാൽ അപേക്ഷകർ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം,” നോഡൽ ഓഫീസർ പറഞ്ഞു.

കണ്ടൈൻമെൻറ് സോണിലുള്ളവർക്ക് ആവശ്യമെങ്കിൽ രജിസ്‌ട്രേഷനുള്ള സമയം നീട്ടി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എസി മൊയ്തീൻ അറിയിച്ചിട്ടുണ്ട്.

നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ വഴിയോ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാൻ 40 രൂപയാണ് ഫീസ്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങളും അപേക്ഷ ഫോറവും ലഭിക്കും.

Read More Kerala News: കോവിഡ് രോഗമുക്തി നേടിയ യുവതിക്ക്‌ ഇരട്ടക്കുട്ടികൾ

ലൈഫിൽ ആദ്യം ആപ്ലിക്കേഷൻ സമർപ്പിക്കുന്നവർക്ക് വീട് ലഭിക്കുവാൻ യാതോരു മുൻഗണനയും ലഭിക്കില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. എല്ലാ രേഖകളും ലഭിച്ചിട്ടു മാത്രം അപേക്ഷ സമർപ്പിക്കുവാൻ ശ്രമിക്കണമെന്നും സർക്കാർ നിർദേശിച്ചു.
കഴിവതും സ്വന്തം വീടുകളിൽ ഇരുന്ന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. സ്വന്തമായി അപേക്ഷ സമർപ്പിക്കുന്നവർ ഒരു ഫീസും അടയ്ക്കേണ്ടതായിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്കിലും സേവനം സൗജന്യമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.