പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും പാർക്കിങ് ക്രമീകരണങ്ങളും ഉണ്ടായിരിക്കും.

Also Read: പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ശനിയാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം

ശനിയാഴ്ച രാവിലെ 6 മണി മുതൽ 9 മണി വരെ പാർക്ക് അവന്യൂ റോഡ്, ഡി എച്ച് റോഡ്, എം ജി റോഡ് മുതൽ വാത്തുരുത്തി റെയിൽവേ ഗേറ്റ് വരെ ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും. രാവിലെ 8 മുതൽ 9.20 വരെ മേൽ പറഞ്ഞ റോഡുകളിൽ ഗതാഗതം അനുവദിക്കുന്നതല്ല. ഈ സമയം റോഡ് ഉപയോഗിക്കേണ്ടവർ യാത്രസമയം പുനക്രമീരിക്കേണ്ടതാണ്.

എയർപോർട്ടിലേക്കും മറ്റും അത്യവശ്യം പോകേണ്ടവർ യാത്ര നേരത്തെയാക്കേണ്ടതാണ്. പശ്ചിമ കൊച്ചി ഭാഗങ്ങളിൽ നിന്ന് സിറ്റിയിലേക്ക് വരുന്നവരും തിരിച്ച് പോകുന്നവരും തിരികെ ബി.ഒ.ടി ഈസ്റ്റ് ജംങ്ഷനിൽ തേവര ഫെറി – കുണ്ടന്നൂർ വൈറ്റില വഴി തിരിഞ്ഞ് പോകേണ്ടതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായാണ് മോദി എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ തങ്ങിയാണ് ശനിയാഴ്ച ഗുരുവായൂർ ദർശനത്തിന് പുറപ്പെട്ടത്.

Also Read: മോദിയെ വരവേല്‍ക്കാന്‍ ബിജെപിയുടെ ‘അഭിനന്ദന്‍ സഭ’; പൊതുയോഗം ഗുരുവായൂരില്‍

രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കേരളത്തിലെത്തുന്ന നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദി പൊതുയോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യ പൊതുസമ്മേളനം കൂടിയാണ് ഗുരുവായൂരില്‍ നടക്കാന്‍ പോകുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പൊതുയോഗം നടക്കുക.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം രാവിലെ പത്തിനായിരിക്കും പൊതുയോഗം. മികച്ച വിജയം നേടി രണ്ടാമതും പ്രധാനമന്ത്രിയായ ശേഷമുള്ള പൊതുയോഗം ആയതിനാല്‍ ‘അഭിനന്ദന്‍ സഭ’ എന്നാണ് യോഗത്തിന് ബിജെപി പേര് നല്‍കിയിരിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍, കുന്ദംകുളം, നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി യോഗത്തിൽ അഭിസംബോധന ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.