ന്യൂഡൽഹി: എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെയും പ്രധാനമന്ത്രി വിഷു ആശംസകൾ മലയാളത്തിൽ നേർന്നിട്ടുണ്ട്.
എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ.
Happy Vishu to everyone! A new year brings new hope and new energy. May the coming year bring good health and well-being in everyone’s lives.
— Narendra Modi (@narendramodi) April 14, 2020
മലയാളികൾക്ക് ഓണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. മേടം ഒന്നാം തീയതിയാണ് വിഷുദിവസമായി കൊണ്ടാടുന്നത്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുൻപേ കേരളീയരുടെ പുതുവർഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു.
Read Also: Vishu Phalam 2020: സമ്പൂർണ്ണ വിഷു ഫലം 2020
കോവിഡുമായി ബന്ധപ്പെട്ട് അതീവ ജാഗ്രത തുടരുന്നതിനാൽ സംസ്ഥാനത്ത് വിഷു ആഘോഷങ്ങൾക്ക് പരിമിതിയുണ്ട്. വിഷു ആണെങ്കിലും ജനങ്ങൾ ജാഗ്രത കെെവെടിയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. “ജാഗ്രതയില്‍ തരിമ്പുപോലും കുറവുവരുത്താനുള്ള അവസ്ഥ നമ്മുടെ മുന്നിലില്ല. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനം എന്ന അത്യാപത്ത് സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ നാം തുടരും. വിഷുവിന്റെ പേരിലുള്ള കൂടിച്ചേരലുകൾ ഒഴിവാക്കുക” മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.