കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തുന്ന മോദി വൈകിട്ട് തൃശൂരിൽ യുവമോർച്ച റാലിയെ അഭിസംബോധന ചെയ്യും.

രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മോദിയുടെ നൂറ് റാലികളിൽ രണ്ടാമത്തെ റാലിയാണ് ഇന്ന് തൃശൂരിൽ നടക്കുന്നത്. കൊച്ചിയിൽ കേരളം കണ്ട ഏറ്റവും വലിയ പെട്രോളിയം സംസ്കരണ പ്ലാന്റായി ഇത് മാറും. തമിഴ്‌നാട്ടിലെ മധുരയിൽ പൊതുപരിപാടിയിൽ രാവിലെ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് കൊച്ചി നാവികസേന വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെത്തും. ഇവിടെ നിന്ന് ഹെലികോപ്റ്ററിലാവും കൊച്ചിയിലെയും തൃശൂരിലെയും യോഗ സ്ഥലങ്ങളിലേക്ക് അദ്ദേഹം പോവുക.

ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് 2.30ന് കൊച്ചിന്‍ റിഫൈനറിയുടെ സംയോജിത റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇവിടെ മൂന്ന് ഉദ്ഘാടന ചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. മൂന്നരയോടെ തൃശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിൻകാട് മൈതാനത്തെ യുവമോർച്ച സംസ്ഥാന സമ്മേളന റാലിയിലാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാർട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

വൈകിട്ട് ആറുമണിയോടെ കൊച്ചിയിലെത്തിയ ശേഷം പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രിയുടെ നിരന്തര സന്ദർശനം ഇതിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും അവർക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.