തിരുവനന്തപുരം: പുതിയ സാഹചര്യത്തിലും രാജ്യത്തിന്റെ വികസനം ലോകം അംഗീകരിക്കുന്നുവെന്ന് പ്രാധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സ്വപ്നപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. അടിസ്ഥാന സൗകര്യവികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കളുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിക്ഷേപം കണ്ടെതിതുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. റെയില്‍വേ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്ന് പോകുന്നു. മുന്‍പുള്ള സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ അഞ്ചിരട്ടി തുകയാണ് റെയില്‍വേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോള്‍ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023 ബജറ്റില്‍ പത്ത് ലക്ഷം കോടി രൂപയിലധികം അടിസ്ഥാന വികസങ്ങള്‍ക്കായി മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ആദ്യത്തെ വന്ദേ ഭാരത് ലഭിച്ചു. കൊച്ചി നഗരത്തിന് വാട്ടര്‍മെട്രോ സ്വന്തമാകുന്നു. കണക്ടിവിറ്റിക്കൊപ്പം വിവിധ വികസന പദ്ധതികളും സംസ്ഥാനത്തിന് ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരാണ്, ജാഗ്രതയുള്ളവരാണ്. കഠിനാധ്വാനികളും വിദ്യാസമ്പന്നരുമാണ്. രാജ്യത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് ഇവിടുത്തെ ജനങ്ങള്‍ ബോധവന്മാരാണ്. കേരളത്തിന്റെ വികസനപ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മൂന്നു സ്റ്റേഷനുകള്‍ ആധുനീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കേവലം റെയില്‍വേ സ്റ്റേഷനുകള്‍ മാത്രമല്ല, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍ കൂടിയാണ്. കേരളത്തില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര വന്ദേഭാരത് ട്രെയിന്‍ സുഗമമാക്കും. കേരളഷൊര്‍ണൂര്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമ്പോള്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജലമെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, റെയില്‍വേയുമായി ബന്ധപ്പെട്ട 1900 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു.