കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്താനിരിക്കെ കൊല്ലം ബൈപ്പാസിന്റെ പേരില്‍ വിവാദം. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് ഇടത് എംഎല്‍എമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പട്ടിക നല്‍കിയിരുന്നെങ്കിലും കേന്ദ്രം പട്ടിക വെട്ടിച്ചുരുക്കിയെന്നാണ് ആക്ഷേപം.

ബൈപാസ് കടന്നുപോകുന്ന ഇരവിപുരത്തെ എംഎല്‍എ എം.നൗഷാദിനേയും മേയറേയും തഴഞ്ഞു. അതേസമയം, ഒ.രാജഗോപാലന്‍ എംഎല്‍എയേയും ബിജെപി എംപിമാരായ സുരേഷ് ഗോപിയേയും വി.മുരളീധരനേയും പട്ടികയില്‍ ചേര്‍ത്തിട്ടുമുണ്ട്. ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയമാണ് ഇതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. സംഭവത്തില്‍ എംകെ പ്രേമചന്ദ്രന്‍ എംപിക്കും ബിജെപിക്കും തുല്യ പങ്കുണ്ടെന്ന് എം. നൗഷാദ് പറഞ്ഞു. കേട്ട്കേള്‍വി പോലും ഇല്ലാത്ത സംഭവമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അനാവശ്യ വിവാദമാണ് ഇടത് സര്‍ക്കാര്‍ ഉയര്‍ത്തുന്നതെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞത്. നേമം എംഎല്‍എ ഒ. രാജഗോപാലന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

കൊല്ലം ബൈപാസ് ഉദ്ഘാടനത്തിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനവും മോദി നിർവ്വഹിക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് വിമാനത്താവളത്തിന്‍റെ ടെക്‌നിക്കൽ ഏരിയയിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ആശ്രാമം മൈതാനത്ത് കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് കന്റോൺമെന്റ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കൊല്ലത്ത് നിന്ന് ഏഴുമണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മുഖ്യമന്ത്രി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഒരുക്കങ്ങള്‍ വിലയിരുത്തി. വൈകിട്ട് ആറ് മണി മുതല്‍ എയര്‍പോര്‍ട്ട് മുതല്‍ പദ്മനാഭ സ്വാമി ക്ഷേത്രം വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ വിമാനം ഡൽഹിക്ക് തിരിക്കും വരെ ഗതാഗതം തടസ്സപ്പെടുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ മുന്നറിയിപ്പ് ഇല്ലാതെ നടപടി എടക്കുമെന്നും പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.