scorecardresearch
Latest News

രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണത്തിന് കാരണം അഴിമതിക്കെതിരായ നടപടി: പ്രധാനമന്ത്രി

ഇരട്ട എൻജിൻ സർക്കാരുണ്ടാകുന്നത് വികസനത്തിൽ കേരളത്തിനു ഗുണകരമാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു

രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണത്തിന് കാരണം അഴിമതിക്കെതിരായ നടപടി: പ്രധാനമന്ത്രി

കൊച്ചി: വികസനത്തിന്റെയും യുവാക്കളുടെ പ്രതീക്ഷയുടെയും കാര്യത്തിൽ ഏറ്റവും വലിയ തടസം അഴിമതിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ വേദിയിൽ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

” അഴിമതിക്കെതിരായ പോരാട്ടത്തിനു നിർണായക സമയമായിരിക്കുന്നുവെന്ന് ഞാൻ ഓഗസ്റ്റ് 15നു ചെങ്കോട്ടയിൽ പറഞ്ഞിരുന്നു. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുമ്പോഴൊക്കെ രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണമുണ്ടാകുകയാണ്. അഴിമതിക്കാരെ രക്ഷിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് എവിടെയൊക്കെ ഇരട്ട എൻജിൻ സർക്കാരുണ്ടോ അവിടയൊക്കെ വികസനം ശക്തമായി മുന്നോട്ടുപോവുകയാണ്. ഇരട്ട എൻജിൻ സർക്കാരുണ്ടാകുന്നത് വികസനത്തിൽ കേരളത്തിനു ഗുണകരമാവും. കേരളത്തിലെ ജനങ്ങൾ ബി ജെ പിയെ പുതിയ പ്രതീക്ഷയോടെ കാണുകയാണ്.

കേരളത്തിലെ അടിസ്ഥാന വികസന പദ്ധതികൾക്കായി കേന്ദ്രസർക്കാർ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കി. പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി മൂവായിരം കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനു പരിശ്രമിക്കുകയാണ്. കേരളത്തിലെ ഗതാഗത വികസനത്തിനും കേന്ദ്രം അതീവ പ്രാധാന്യമാണു നൽകുന്നത്.

കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ഒന്നരക്കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. ഇതിനായി ആറായിരം കോടി രൂപയിലേറെ ചെലവഴിച്ചു. കോവിഡ് കാലത്ത് വികസനത്തിന്റെ പ്രമുഖ കേന്ദ്രമായി ഇന്ത്യ മാറി. തൊഴിലവസരങ്ങൾ വർധിച്ചു.

മലയാളത്തിലാണു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. മലയാളികൾക്ക് അദ്ദേഹം ഓണാശംസ നേർന്ന അദ്ദേഹം ഓണക്കാലത്ത് കേരളത്തിലെത്താൻ കഴിഞ്ഞതു സൗഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈകിട്ട് 4.25 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കൊച്ചി മേയർ എം.അനിൽകുമാർ അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു. കേരള സന്ദർശനം സംബന്ധിച്ച് പ്രധാനമന്ത്രി മലയാളത്തിൽ ട്വീറ്റ് ചെയ്തു.

ബി ജെ പി പ്രവർത്തരെ അഭിസംബോധന ചെയ്തശേഷം പ്രധാനമന്ത്രി കാലടയിൽ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു.

സിയാലിൽ നടക്കുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ കൊച്ചി മെട്രോയുടെ എസ്എൻ ജംങ്ഷൻ മുതൽ വടക്കേകോട്ട വരെയുള്ള (ഫേസ്1) ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിനു തറക്കല്ലിടൽ, റെയിൽവേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂർസിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷ്യൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിർവഹിക്കും.

നാളത്തെ പ്രധാന പരിപാടികൾ

നാളെ രാവിലെ 9.30 നു കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. ഉച്ചയോടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മംഗളൂരുവിലേക്കു തിരിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pm narendra modi kerala visit today in kochi inagurate kochi metro