തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തി. വിപുലമായ പരിപാടികളോടെയാണ് ബിജെപി പ്രധാനമന്ത്രിക്ക് കേരളത്തില്‍ സ്വീകരണമൊരുക്കിയത്. ഇന്നലെ രാത്രി 11.45 ഓടെ കൊച്ചിയിലെത്തിയ മോദി ഇന്ന് രാവിലെ 10.30 ഓടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയത്.

Read Also: മോദി കേരളത്തില്‍; നടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഏകദേശം 40,000 രൂപയുടെ വഴിപാട് ചീട്ട് ഗുരുവായൂരില്‍ പ്രധാനമന്ത്രിക്കായി തയ്യാറാക്കിയിരുന്നു. തമരപ്പൂക്കള്‍ കൊണ്ടുള്ള തുലാഭാരമാണ് ഗുരുവായൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രധാന വഴിപാട്. ഉരുളിയില്‍ നെയ് വച്ച് സമര്‍പ്പണവും മോദി നടത്തി. 2008 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗുരുവായൂരിലെത്തിയപ്പോള്‍ താമരപ്പൂക്കള്‍ കൊണ്ടും കദളിപ്പഴും കൊണ്ടും തുലാഭാരം നടത്തിയിരുന്നു.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു മുമ്പില്‍ ദേവസ്വം ചെയര്‍മാന്‍ പൂര്‍ണ കുംഭം നല്‍കി മോദിയെ സ്വീകരിച്ചു. കൊടിമരത്തിന് സമീപത്തു കൂടി നേരെ മോദി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. സോപാനത്ത് വച്ച് കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നറുനെയ് എന്നിവ സമര്‍പ്പിച്ച് പ്രധാനമന്ത്രി തൊഴുതു. ശേഷം മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി. ഗണപതിയെ തൊഴുത ശേഷം വടക്കേ നടയിലൂടെ പുറത്തു കടന്ന് ഉപദേവതയായ ഭഗവതിയെ വന്ദിച്ച ശേഷമാണ് മോദി ക്ഷേത്രത്തിൽ നിന്നിറങ്ങിയത്.

Read More: പ്രധാനമന്ത്രി കേരളത്തിൽ

തുലാഭാരത്തിന് പിന്നാലെ മോദി ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ പങ്കുവച്ചു. പ്രധാനമന്ത്രിയായിരിക്കെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇതിന് മുമ്പ് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പിവി നരസിംഹ റാവു എന്നിവരും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.