കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാനത്ത് ഏഴ് മതമേലധ്യക്ഷന്മാര്‍ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവ സഭകളുടേയും കേരളത്തിലെ ജനങ്ങളുടേയും ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍, തീരദേശവാസികളുടെ ആവശ്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്ന കാര്യവും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. കേരളത്തിനായുള്ള പുതിയ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി തങ്ങളോട് പറഞ്ഞതായും കര്‍ദിനാള്‍ ആലഞ്ചേരി വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ ഹൃദ്യമായിരുന്നു. അദ്ദേഹം വളരെ തുറന്ന മനസോടെയാണ് സംസാരിച്ചത്. ഭാരതത്തെ ഒന്നായാണ് കാണുന്നതും അദ്ദേഹത്തിന്റെ വികസനപദ്ധതികളില്‍ ഭാഗമാകാന്‍ കേരളവും തയാറാകണമെന്നും അദ്ദേഹം പറഞ്ഞതായും കര്‍ദിനാള്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
“ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ചൂണ്ടിക്കാണിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ സംരക്ഷണം ഉണ്ടായിരിക്കുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി,” അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി വൈകിയാണ് പ്രധാനമന്ത്രി മതമേലധ്യക്ഷന്മാരെ കണ്ടത്. കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 20 മിനുറ്റോളം കൂടിക്കാഴ്ച നീണ്ടു നിന്നു.