scorecardresearch
Latest News

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ്: കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

വാട്ടര്‍ മെട്രോ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുക

Kochi Water Metro
Photo: PRD

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടര്‍ മെട്രോ സര്‍വീസുള്ള രാജ്യത്തെ ഏക മെട്രോയാകും ഇത്.
കൊച്ചിയുടെയും പത്ത് ദ്വീപുകളുടെയും ജലഗതാഗതം പുതിയ കാലത്തിന് ചേര്‍ന്ന വിധം നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൊല്ലം, നീലേശ്വരം, അഴീക്കൽ എന്നീ പേരുകളിലുള്ള മൂന്നു ബോട്ടുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചീക്കാർക്ക് പുത്തൻ യാത്രനുഭവം നൽകിയത്. ആദ്യ യാത്രയിൽ ഒരു ബോട്ടിൽ യാത്ര ചെയ്തത് 10 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ്. എറണാകുളത്തെ സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറിച്ച്മെന്റിലെ കുട്ടികളായിരുന്നു ഇവർ.

ഏപ്രിൽ 26 ബുധനാഴ്ച്ച മുതൽ പൊതുജനങ്ങൾക്ക് ‌ ജലമെട്രോയിൽ സഞ്ചരിക്കാനാകും. ഹെെക്കോർട്ട് ടെർമിനലിൽനിന്ന് വെെപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. വെെറ്റില–കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്.

. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹൈക്കോർട്ട്‌–വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില–കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്‌ നിരക്ക്‌. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറുമുള്ള പാസിന്‌ 600 രൂപയും ത്രൈമാസ പാസിന്‌ 1500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്‌.

പരിസ്ഥിതി സൗഹൃദമാണ്‌ ജലമെട്രോ. ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടാണിത്. ലോകത്തിൽ തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. ബാറ്ററി മോഡിൽ 8 നോട്ടും ഹൈബ്രിഡ് മോഡിൽ 10 നോട്ടും ആണ് ബോട്ടിന്റെ വേഗത.

10 ദ്വീപുകളെ ബന്ധിപ്പിച്ച് 38 ടെർമിനലുകളിലായി 76 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ കൊച്ചി ജലമെട്രോ. 100 പേർക്ക് യാത്ര ചെയ്യാവുന്ന 9 ബോട്ടുകളാണ് കൊച്ചിൻ ഷിപ്പ് യാർഡ് നിർമ്മിച്ചു നൽകിയിരിക്കുന്നത്. അൻപത്‌ പേർക്ക് കയറാവുന്ന ബോട്ടുകളും ഉണ്ടാകും. അമ്മമാർക്കായുള്ള ഫീഡർ റൂമുകളുൾപ്പെടെ സൗകര്യവും ബോട്ടുകളിലുണ്ട്. ഭിന്നശേഷി സൗഹൃദ ഫ്ലോട്ടിംഗ് ജെട്ടികളായതിനാൽ വേലിയേറ്റ-വേലിയിറക്കം ബാധിക്കില്ല.

കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടിയാണ് നിര്‍മാണ ചെലവ്. വൈദ്യുതി ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ബാറ്ററി നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനുട്ട് സമയം മാത്രം മതിയാകും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pm modi to inaugurate kochi water metro project