കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27 ന് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. കൊച്ചി അമ്പലമുഗളിലെ ബിപിസിഎല്ലിന്റെ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി(ഐആർഇപി)യാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.

കൊച്ചി റിഫൈനറിയിലെ പെട്രോളിയം സംസ്‌കരണ ശേഷി പ്രതിവർഷം 9.5 മില്യൺ മെട്രിക് ടണ്ണായിരുന്നു. ഐആർഇപി പദ്ധതി യാഥാർത്ഥ്യമാക്കിയത് ഈ സംസ്കരണ ശേഷി 60 ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇനി കൊച്ചി റിഫൈനറിയുടെ സംസ്കരണ ശേഷി പ്രതിവർഷം 15.5 മില്യൺ മെട്രിക് ടണ്ണായി ഉയരും. 16504 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ തുക.

റിഫൈനറിയിലെ അനുബന്ധ പദ്ധതികൾക്കായി നാലായിരം കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇതോടെ 20000 കോടി രൂപയാണ് ഇവിടെ മുതൽമുടക്കുക. ഇത് കേരളത്തിൽ ഇതുവരെ നിക്ഷേപിച്ച തുകകളിൽ ഏറ്റവും ഉയർന്നതാണ്.

ജനുവരി 27 ന് ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന  ചടങ്ങില്‍ ഐആർഇപി പദ്ധതിക്ക് പുറമെ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മൗണ്ടഡ് ബുള്ളറ്റ് സ്റ്റോറേജും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഇതിന് പുറമെ ബി.പി.സി.എൽ – പെട്രോകെമിക്കൽ കോംപ്ളക്‌സ്, പെട്രോളിയം മന്ത്രാലയം ഏറ്റുമാനൂരിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് ക്യാമ്പസ് എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
പെട്രോക്കെമിക്കല്‍ റിഫൈനറി സമുച്ചയത്തിന്റെ നിര്‍മാണം 2022 ഓടെയും, സ്‌കില്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണം 2020 ഓടെയും പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിപിസിഎൽ അറിയിച്ചു.
വിമാനമാർഗം ഉച്ചയ്ക്ക് കൊച്ചിയിൽ വ്യോമസേനയുടെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കാക്കനാട് രാജഗിരി ക്യാംപസിലേക്കും ഇവിടെ നിന്ന് റോഡ് മാർഗം ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയിലേക്ക് പോകും. ഉദ്ഘാടന ചടങ്ങിന് ശേഷം യുവമോർച്ചയുടെ റാലിയിൽ പങ്കെടുക്കാൻ തൃശ്ശൂരിലേക്ക് പോകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.