കൊച്ചി: ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. കൊച്ചിന് കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തിന്റെ കമ്മിഷനിങ്ങ് നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച രാവിലെ 9.30നാണ് ആരംഭിക്കുന്നത്.
ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചി ഭാഗങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തി.
ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്ഷന്, വൈറ്റില, കുണ്ടന്നൂര്‍, തേവര ഫെറി ജങ്ഷന്, ബി ഒ ടി ഈസ്റ്റ്, ഐലന്‍ഡ് താജ് ഹോട്ടല്‍ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, തേവര ജങ്ഷന്, രവിപുരം എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവുമുണ്ടാകും.
നാളെ കണ്ടെയ്നര്‍ റോഡിലും വെള്ളിയാഴ്ച പാലാരിവട്ടം മുതല്‍ ബാനര്‍ജി റോഡ്, എം ജി റോഡ്, ബി ഒ ടി ഈസ്റ്റ് വരെയും ഉച്ചയ്ക്ക് ഒന്നു വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളുമുണ്ടാകും.
ഈ സമയങ്ങളില്‍ മേല്‍പ്പറഞ്ഞ റോഡുകളിലൂടെ പോകേണ്ടവര്‍ യാത്രാസമയം ക്രമീകരിക്കേണ്ടതും പ്രധാനമന്ത്രി കടന്നുപോകുന്ന റൂട്ടില്‍നിന്നു മറ്റു സ്ഥലങ്ങളിലേക്കു സഞ്ചരിക്കേണ്ടവര്‍ യാത്ര മുന്‍കൂട്ടി ക്രമപ്പെടുത്തേണ്ടതുമാണെന്നു പൊലീസ് നിര്‍ദേശിച്ചു.
എറണാകുളം നഗരത്തില്‍നിന്നു പശ്ചിമ കൊച്ചിയിലേക്കു പോകേണ്ട ചെറുവാഹനങ്ങള്‍ക്കു വൈപ്പിന്‍ ജങ്കാര്‍ സര്‍വിസ് ഉപയോഗപ്പെടുത്താം. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളില് താമസിക്കുന്നവര്‍ നിയന്ത്രണ സമയത്ത് വാഹനങ്ങള്‍ റോഡിലിറക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരം, കാലടി മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച വൈകിട്ടു മൂന്നു മുതല്‍ എട്ടു വരെ വിമാനത്താവളത്തിന്റെ പരിസരത്തിലും കാലടി മേഖലയിലുമായിരിക്കും നിയന്ത്രണങ്ങള്‍. ദേശീയപാത 544 അത്താണി ജങ്ഷൻ മുതല്‍ കാലടി മറ്റൂരിസ് എംസി റോഡ് വരെ വിമാനത്താവളത്തിന്റെ മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കും.
വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ട് വരെ വിമാനത്താവളത്തിന്റെ പരിസരത്ത് മാത്രവും നിയന്ത്രണമുണ്ടായിരിക്കും. യാത്രകള്‍ക്കായി വിമാനത്താളത്തിലേക്ക് എത്തുന്നവര്‍ ഇതനുസരിച്ച് സമയം ക്രമീകരിച്ച് വേണം എത്താനെന്ന് റൂറല്‍ എസ് പി വിവേക് കുമാര്‍ അറിയിച്ചിട്ടുണ്ട്.
നാളെയെത്തുന്ന പ്രധാനമന്ത്രി വൈകിട്ടു നാലിനു നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബി ജെ പി പൊതുയോഗത്തിൽ സംസാരിക്കും. തുടർന്ന് സംസ്ഥാനത്തെ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം സിയാൽ കൺവെൻഷൻ ഹാളിൽ നിർവഹിക്കും.
എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം എന്നീ റയില്‍വെ സ്റ്റേഷനുകളുടെ നവീകരണ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടിപ്പിച്ച പാതയും വൈദ്യുതീകരിച്ച കൊല്ലം-പുനലൂര്‍ സെക്ഷനും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. വിവിധ മെമു സര്‍വീസുകളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.
വൈകീട്ട് ആറിനു കാലടി ആദിശങ്കര ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. രാത്രിയിൽ വില്ലിങ്ടൺ ഐലൻഡിലെ ഹോട്ടൽ താജ് മലബാറിൽ ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കും.
വെള്ളിയാഴ്ച രാവിലെ 9.30നാണ് ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക. കപ്പല്‍ശാലയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വിക്രാന്തിന്റെ കമാന്‍ഡിങ് ഓഫിസര്‍ വിദ്യാദര്‍ ഹാര്‍കെ കമ്മിഷനിങ് വാറന്റ് വായിച്ച ശേഷം പ്രധാനമന്ത്രി കപ്പലിനുള്ളില്‍ പ്രവേശിക്കും. തുടര്‍ന്ന് കമ്മിഷനിങ് ഫലകവും അനാച്ഛാദനം ചെയ്ത ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ അഭിസംബോധന. ഐഎന്‍എസ് വിക്രാന്ത് കമ്മിഷനിങ് ചടങ്ങിനുശേഷേ പ്രധാനമന്ത്രി മംഗളുരുവിലേക്കു പോകും.