കൊച്ചി: ക്രൈസ്തവ സഭ മതമേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച പൂര്‍ത്തിയായി. കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയോട് മതമേലധ്യക്ഷന്മാര്‍ പറഞ്ഞതായാണ് വിവരം. 20 മിനുറ്റോളം കൂടിക്കാഴ്ച നീണ്ടു നിന്നു. താജ് മലബാര്‍ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ( ഓർത്തഡോക്സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച് ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, കുര്യാക്കോസ് മാർ സേവേറിയൂസ് (ക്നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നിവര്‍ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചത്.
നേരത്തെ യുവം 2023 പരിപാടിയില്‍ സംസാരിച്ച പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ചിരുന്നു.
കേരളത്തിലെ സർക്കാർ യുവാക്കൾക്ക് ജോലി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. കേരള സര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ യുവാക്കള്‍ അംഗീകരിക്കില്ല. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യുവാക്കള്‍ക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
“രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍. ഒരുകൂട്ടര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് കേരളത്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നു. മറ്റൊരു വിഭാഗം ഒരു കുടുംബത്തിന് മറ്റെന്തിനേക്കാളും പരിഗണന കൊടുക്കുന്നു. ഇവര്‍ അക്രമവും അഴിമതിയുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇവരെ തുടച്ചു നീക്കാന്‍ കേരളത്തില്‍ യുവജനത കഠിനാധ്വാനം ചെയ്യണം,” നരേന്ദ്ര മോദി വ്യക്തിമാക്കി.
ഒരു വശത്ത് ഞങ്ങള്‍ കേരളത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് കേരളത്തിലെ ചിലര്‍ സ്വര്‍ണക്കടത്തിലാണ് ശ്രദ്ധിക്കുന്നത്. യുവാക്കളുടെ ഭാവി വച്ചുള്ള ഇത്തരം കളികള്‍ യുവാക്കള്‍ക്ക് മനസിലാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.