കൊച്ചി: ഐഎൻഎസ് വിക്രാന്ത് ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിക്രാന്ത് സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണ്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചു. വിക്രാന്തിലൂടെ രാജ്യം ലോകത്തിന് മുന്നിലെത്തിയെന്നും മോദി പറഞ്ഞു. തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയാണ് വിക്രാന്ത്. വിക്രാന്ത് ഒരു പുതിയ വികസനയാത്രയുടെ തുടക്കം. വിക്രാന്തിലൂടെ ഇന്ത്യയ്ക്ക് പുതിയ ഊർജവും ആത്മവിശ്വാസവും കിട്ടി. വിക്രാന്ത് ആത്മനിർഭർ ഭാരത്തിന്റെ പ്രതീകമാണ്. കേരളത്തിന്റെ പുണ്യഭൂമിയിൽനിന്ന് രാജ്യത്തിനായുള്ള നേട്ടമാണ് വിക്രാന്തെന്നും മോദി പറഞ്ഞു. വിക്രാന്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിക്രാന്ത് വിശിഷ്ടമാണ്, വിശാലമാണ്, വിശ്വാസമാണെന്നും ശിവജിയുടെ പോരാട്ട വീര്യത്തെ പരാമർശിച്ച് മോദി പറഞ്ഞു.
സ്വയം പര്യാപ്തതയുടെ പ്രതീകമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽകൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ ഐ എന്‍ എസ് വിക്രാന്തിനെ ‘ഗെയിം ചെയ്ഞ്ചര്‍’ എന്നാണു വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുടെയും നാവികസേനയുടെയും സ്ഥാനം ശക്തിപ്പെടുത്താന്‍ ഈ പടക്കുതിര നിര്‍ണായക പങ്കുവഹിക്കും. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണു 45,000 ടണ്ണിനടുത്ത് കേവ് ഭാരമുള്ള ഐ എന്‍ എസ് വിക്രാന്ത്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ആദ്യ പടക്കപ്പലാണിത്.
ഏതാണ്ട് 20,000 കോടി രൂപയാണു മൊത്തം നിര്‍മാണച്ചെലവ്. കപ്പലിന്റെ 76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണ്. മുന്‍ഗാമിയേക്കാള്‍ വലുതും വിശാലവുമാണു പുതിയ വിക്രാന്ത്. മൂന്ന് ഫുട്ബോള്‍ മൈതാനങ്ങളുടെ അല്ലെങ്കില്‍ 333 നീലത്തിമിംഗലങ്ങളുടെ വലുപ്പള്ള വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 28 നോട്ടിക്കല്‍ മൈലാണു കപ്പലിന്റെ പരാമവധി വേഗത.
14 ഡക്കുകളാണ് കപ്പലിനുള്ളത്. ഫ്ളൈറ്റ് ഡെക്കിനു മുകളിലായി സൂപ്പര്‍ സ്ട്രക്ചറിലായി അഞ്ചും താഴെയായി ഒന്‍പതും ഡെക്കുകള്‍. വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ആണ് ഒരു ഡെക്ക്. ഇതില്‍ ഒരേ സമയം 20 വിമാനം സൂക്ഷിക്കാം. ഹാങ്ങറില്‍നിന്ന് ലിഫ്റ്റ് വഴിയാണ് വിമാനങ്ങള്‍ ഫ്ളെറ്റ് ഡെക്കിലെത്തിക്കുക.