സെന്റ് പീറ്റേഴ്‌സ്ബർഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാരീസ് ഉടമ്പടിയിൽ നിന്നുള്ള പിന്മാറ്റത്തെ പരാമർശിക്കാതെ നിലപാട് വ്യക്തമാക്കി ഇന്ത്യൻ പ്രധാനമന്ത്രി. പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്കാണ് “ഇന്ത്യ ഭാവി തലമുറയ്ക്ക് ഒപ്പമാണ്” എന്ന് പ്രധാനമന്ത്രി പറഞ്ഞത്.

അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനൊപ്പം പങ്കെടുക്കുമ്പോഴാണ് ഈ ചോദ്യം പ്രധാനമന്ത്രി നേരിട്ടത്. ഇന്ത്യ എന്നും കാലാവസ്ഥ സംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധമാണെന്നാണ് പ്രധാനമന്ത്രി തുടർന്ന് പറഞ്ഞത്. പരമ്പരാഗതമായി ഇന്ത്യ പരിസ്ഥിതിയോട് വളരെയധികം കൂറ് കാണിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

“പാരീസ് ആണെങ്കിലും അല്ലെങ്കിലും ഞങ്ങളുടെ മുൻഗണന കാലാവസ്ഥ സംരക്ഷണത്തിനാണ്, അത് ഭാവി തലമുറയെ മുൻനിർത്തിയാണ്” അദ്ദേഹം പറഞ്ഞു.

പാരീസ് ഉടമ്പടിയിൽ നിന്ന് പിൻവാങ്ങിയ അമേരിക്കയുടെ തീരുമാനത്തിനെതിരെ ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ആഗോള താപന വളർച്ചാ നിരക്ക് കുറയ്ക്കുന്നതിനാണ് പാരീസ് ഉടമ്പടി മുൻഗണന നൽകിയിരുന്നത്. അമേരിക്കയുൾപ്പടെയുള്ള ലോകരാഷ്ട്രങ്ങളെല്ലാം ഇതിൽ ഒപ്പുവച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്ന സമയത്ത് തന്നെ ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ