കൊച്ചി: പ്രണയം നിഷേധിച്ചതിന്റെ പേരില്‍ യുവാവ് തീകൊളുത്തിക്കൊന്ന ദേവിക ഷാലനെന്ന പതിനേഴുകാരി സ്കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥികളിലൊരാള്‍. ക്ലാസ് ലീഡറായിരുന്ന ദേവിക പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്നു.
പ്രിയ സഹപാഠിയുടെ ദാരുണമരണം സമ്മാനിച്ച നടുക്കത്തിലാണ് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. പ്രിയകൂട്ടുകാരിയെ അവസാനമായി കാണാനായി സഹപാഠികളും അധ്യാപകരുമെല്ലാം രാവിലെ മുതല്‍ കാക്കനാട് അത്താണിയിലെ ദേവികയുടെ വീട്ടില്‍ തടിച്ചുകൂടിയിരിക്കുകയാണ്. പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനിയായ ദേവിക അധ്യാപികമാരുടെ പ്രിയങ്കരിയായിരുന്നു.
Read Also: പ്രണയം നിരസിച്ച യുവാവിന്റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ചു
‘കഴിഞ്ഞ സ്കൂള്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ ദേവിക ക്ലാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സഹപാഠികളെയും ക്ലാസ് റൂമും നന്നായി നിയന്ത്രിക്കുന്ന മിടുക്കിയായിരുന്നു അവള്. പഠനത്തിലും മികവു പുലര്‍ത്തിയിരുന്നു. എപ്പോഴും സന്തോഷത്തോടെയും ചിരിയോടെയും മാത്രമേ കാണാറുള്ളൂ. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അധ്യാപികമാര്‍ക്കൊന്നും അറിയില്ല. മരണവിവരം കേട്ടപ്പോള്‍ എല്ലാവരും നടുങ്ങിപ്പോയി” അധ്യാപികയായ അനീന പറഞ്ഞു. ഇന്നലെ വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേവികയെ പതിവിനു വിപരീതമായി അമ്മ വന്നു കൂട്ടികൊണ്ടുപോവുകയായിരുന്നെന്നും അനീന ഓര്‍ക്കുന്നു.
ബുധനാഴ്ച രാത്രിയാണു കാക്കനാട് കലക്ടറേറ്റിന് സമീപമുള്ള ദേവികയുടെ വീട്ടിലേക്കു പറവൂര്‍ സ്വദേശിയായ മിഥുന് അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അതിനുശേഷം മിഥുന് സ്വയം തീകൊളുത്തുകയും ചെയ്തു. ദേഹത്ത് പെട്രോള്‍ ഒഴിച്ചുകൊണ്ടായിരുന്നു മിഥുന് വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്. ദേവിക സംഭവ സ്ഥലത്തുതന്നെ മരിച്ചു.
ഗുരുതരമായി പൊളളലേറ്റ മിഥുന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു മരിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റിട്ടുണ്ട്. പ്രണയനൈരാശ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. യുവാവും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
Read more: കൊച്ചിയില്‍ പ്ലസ് ടു വിദ്യാർഥിനിയെ തീകൊളുത്തി കൊന്നു, പൊളളലേറ്റ യുവാവും മരിച്ചു